മെഹ്ദ് ഒസീലിനെ തേടി മെസ്യൂട് ഓസിലിന്റെ പിറന്നാൾ സമ്മാനം

Which current Arsenal superstar are you ?
November 10, 2018

മെഹ്ദ് ഒസീലിനെ തേടി മെസ്യൂട് ഓസിലിന്റെ പിറന്നാൾ സമ്മാനം

 

തന്റെ ആദ്യ മകനെ ‘മെഹ്ദ്’ എന്ന സുന്ദരൻ പേരിനോടൊപ്പം ‘ഓസിൽ’ എന്ന ലോക ഫുട്ബോളിലെ മാന്ത്രികന്റെ പേര് കൂടി ചേർത്ത് “മെഹ്ദ് ഓസിൽ” എന്ന് വിളിച്ചപ്പോൾ, ഇൻസമാം എന്ന മഞ്ചേരിക്കാരന്റെ ഉള്ളിൽ തന്റെ പ്രിയപ്പെട്ട കളിക്കാരനോടും, അതിലേറെ തനിക്ക് പ്രിയപ്പെട്ട ക്ലബ്ബിനോടും ഉള്ള കളങ്കമില്ലാത്ത സ്നേഹവും ആവേശവും മാത്രമായിരുന്നു. എന്നാൽ, അതിന്റെ പിന്നാലെ ഇൻസമാമിനെയും, മെഹ്ദ് ഓസിലിനെയും തേടിയെത്തിയ സമ്മാനങ്ങളിലും പ്രശസ്തിയിലും ഇപ്പോഴും അത്ഭുതപെട്ട് നിൽക്കുന്ന ഇൻസമാമിനെയും കുടുംബത്തെയും വീണ്ടും ഞെട്ടിച്ചിരിക്കുകയാണ് സാക്ഷാൽ ‘മെസ്യൂട് ഓസിൽ’ എന്ന ഇതിഹാസം !

‘മെഹ്ദ് ഓസിലി’ന്റെ ഒന്നാം പിറന്നാളിന് മുന്നോടിയായി ആശംസകൾ നേർന്ന് കൊണ്ട് ഒരു കുഞ്ഞ് കൊറിയർ ‘ആഴ്‌സണൽ കേരള’യുടെ വിലാസത്തിൽ വന്നിറങ്ങിയപ്പോൾ ആദ്യം എല്ലാവരും ഒന്നമ്പരന്നു. കൊറിയർ എത്രയും വേഗം ‘മെഹ്ദ് ഓസിലി’ന് നേരിട്ട് എത്തിച്ച് കൊടുക്കണം എന്നായിരുന്നു നിർദ്ദേശം. കൊറിയർ ‘ഇൻസമാമി’ന്റെ കൈകളിൽ ‘ആഴ്‌സണൽ കേരള’യുടെ ഭാരവാഹികൾ എത്തിച്ചതിന്റെ തൊട്ട് പിന്നാലെ ‘ആഴ്‌സണലി’ന്റെ ഇന്ത്യൻ മാർക്കറ്റിംഗ് വിഭാഗം ‘ഇൻസമാമി’നെ നേരിട്ട് വിളിക്കുകയും അത് മെഹ്ദിനുള്ള സമ്മാനമാണെന്നു അറിയിക്കുകയും ചെയ്തു. “അത് മെഹ്ദ് ഓസിലിനുള്ള, മെസ്യൂട് ഓസിലിന്റെ സമ്മാനം ആണ്. ദയവായി സ്വീകരിച്ചാലും എന്നാണ് അവർ എന്നോട് ഫോണിൽ കൂടി പറഞ്ഞത്” ഇൻസമാമിന്റെ വാക്കുകളിലൂടെ.. കൊറിയർ തുറന്ന ഇൻസമാമും കുടുംബവും അക്ഷരാർത്ഥത്തിൽ ഞെട്ടി. ‘മെഹ്ദ് ഓസിലി’ന് സാക്ഷാൽ ‘മെസ്യൂട് ഓസിൽ’ തന്റെ കൈപ്പടയാൽ ഒപ്പിട്ട ഒരു ഉഗ്രൻ ആഴ്‌സണൽ ജേഴ്‌സി. ഇൻസമാമിന്റെ കണ്ണുകൾ ഈറനണിയാൻ തുടങ്ങിയതിന് കൂടെയുണ്ടായിരുന്നവർ സാക്ഷി.

“മൂപ്പര് എന്റെ മോനെ ഇതുവരെ മറന്നിട്ടില്ലല്ലോടാ..” എന്ന് ഒരു തുള്ളി കണ്ണീർ പൊഴിച്ചുകൊണ്ട് ഇൻസമാം പറയുമ്പോൾ, അവന്റെ മനസ്സ് നിറഞ്ഞു എന്നത് ആ കണ്ണുകളിൽ പ്രകടമായിരുന്നു. പറഞ്ഞറിയിക്കാൻ കഴിയാത്ത വാക്കുകളാൽ അവൻ ആ വലിയ മനുഷ്യന് ഒരായിരം നന്ദി പറയുന്നുണ്ടായിരുന്നു. ഇൻസ്റ്റഗ്രാം വഴി ‘ഇൻസമാം’ അവന്റെ സന്തോഷവും നന്ദിയും അദ്ദേഹത്തെ നേരിട്ട് അറിയിക്കുകയും ചെയ്തു. “മൂപ്പരെ ഒന്ന് കാണണം.. ഇവനെ ഒന്ന് കാണിക്കണം.. പെരുത്ത് ആഗ്രഹമുണ്ട്” കുഞ്ഞ് മെഹ്‌ദിനെയും നെഞ്ചിൽ ചേർത്ത് പിടിച്ച് കളങ്കമില്ലാത്ത വാക്കുകളിൽ കൂടി അവന് ബാക്കി നിൽക്കുന്ന ഒരാഗ്രഹം കൂടി അവിടെ കൂടി നിന്ന എല്ലാവരോടുമായി ഇൻസമാം പങ്ക് വെച്ചു..

 

Leave a Reply

Your email address will not be published. Required fields are marked *