നോർത്ത് ലണ്ടൻ ഡർബി: 1887 മുതൽ 2022 വരെ ഉള്ള ചരിത്രം
- 1403 Views
- Saheen Najeeb
- October 2, 2022
- Editorial Featured History
ഇംഗ്ലണ്ടിലും മറ്റു യൂറോപ്യൻ ഫുട്ബോൾ രാജ്യങ്ങളിലും, ലാറ്റിനമേരിക്കൻ രാജ്യങ്ങളിലും പ്രാദേശിക ടീമുകൾ തമ്മിൽ കളിക്കുമ്പോൾ അതിനെ നമ്മൾ രേഖപ്പെടുത്തുന്നത് ഒരു ഡർബി ആയിട്ടാണ്. ബദ്ധവൈരികൾ തമ്മിലുള്ള ഈ കളികൾ ഒരു സീസണിലെ ഏറ്റവും പ്രധാനപ്പെട്ട കളികൾ ആയിട്ടാണ് അറിയപ്പെടുന്നത്. കൂടുതൽ ആളുകൾ കളി കാണുകയും ടിക്കറ്റുകളെല്ലാം വേഗം വിറ്റു പോവുകയും ചെയ്യുന്നു, ആരാധകര് തമ്മിൽ വാക് പൊരും, ഏറ്റുമുട്ടലും, പോലീസ് ലാത്തിച്ചാർജും എല്ലാം സ്ഥിര കാഴ്ച ആണ്. പിന്നീട് ലോകത്തിലെ മറ്റു ഭാഗങ്ങളിൽ ഇതിൽ നിന്ന് പ്രചോദനം ഉൾകൊണ്ട് ഡർബി സംസ്കാരം ഇപ്പൊ എല്ലായിടത്തും എത്തി.
2011ല് ബ്ലീച്ചർ റിപ്പോർട്ടർ എന്ന മാഗസിൻ നടത്തിയ ഒരു പഠനത്തിൽ ലോകത്തിലെ ഏറ്റവും വീര്യമേറിയ ഫുട്ബോൾ ഡർബി കളിൽ ഒന്നാണ് നോർത്ത് ലണ്ടൻ ഡർബി.
വേറിട്ട ഒരു ഡർബി
ഈ ഡർബിക്ക് ഒരു പ്രത്യേകത ഉണ്ട്. മറ്റു ഡർബികളെ അപേക്ഷിച്ച് കേവലം പ്രാദേശികമായ കാരണം മാത്രമല്ല ഇവർ തമ്മിലുള്ള ശത്രുതയ്ക്ക് കാരണം. 1886ല് രൂപീകരിക്കപ്പെട്ട ആഴ്സണൽ ഫുട്ബോൾ ക്ലബ് 1913 വരെ സൗത്ത് ലണ്ടനിലാണ് കളിച്ചുകൊണ്ടിരുന്നത്. നമ്മൾ നോർത്ത് ലണ്ടനിലേക്ക് ആസ്ഥാനം മാറ്റിയപ്പോൾ അത് ഒട്ടും ഇഷ്ടപ്പെടാതിരുന്ന ക്ലബ്ബുകളിൽ ഒന്നാണ് ടോട്ടൻഹാം. അതുകൊണ്ട് ടോട്ടൻഹാം ആരാധകർ നമ്മളെ ഇപ്പോഴും സൗത്ത് ലണ്ടൻ വുൾവിച്ചിൽ നിന്നുള്ള ക്ലബ് എന്ന രീതിയിലാണ് വിശേഷിപ്പിക്കുന്നത്.
മിഡിൽസെക്സ് ടോട്ടൻഹാം
രസകരമായ ഒരു വസ്തുത എന്താണെന്ന് വെച്ചാൽ, 1965 വരെ ടോട്ടൻഹാം മിഡിൽസെക്സ് ടീമായിരുന്നു. നോർത്ത് ലണ്ടനിൽനിന്ന് ഉള്ള ക്ലബ് അല്ല എന്നുമാത്രമല്ല ടോട്ടൻഹാം ഒരു ലണ്ടൻ ക്ലബ് പോലും അല്ലായിരുന്നു. 1965ല് മിഡിൽസെക്സ് ലണ്ടൻ ഭാഗം ആകുമ്പോഴാണ് ഇവർ ലണ്ടൻ ടീമായി മാറുന്നത് തന്നെ. എന്തായാലും രണ്ടുകൂട്ടരും ഇപ്പോഴും ഇതിനെ ചൊല്ലിയുള്ള തർക്കങ്ങൾ ആയി മുന്നോട്ട് പോകുന്നു.
അങ്ങനെ 1880-കളിൽ രൂപീകരിക്കപ്പെട്ട ഈ രണ്ട് ക്ലബ്ബുകൾ അവരുടെ ശത്രുത ആരംഭിച്ചത് 1913 ലും അത് മൂർച്ഛിച്ചത് 1919 നും ആണ്.
ചരിത്രം 1887 മുതൽ 1913 വരെ
ആദ്യമത്സരം 1887ല് ആയിരുന്നു. ടോട്ടൻഹാമിനെ ഗ്രൗണ്ട് ആയ ടോട്ടൻഹാം മാർഷേസിൽ വച്ചായിരുന്നു കളി. ഇരുട്ടു കാരണം കളി 15 മിനിറ്റ് മുൻപേ നിർത്തേണ്ടി വന്നു. 2-1 മുന്നിട്ടു നിന്ന ടോട്ടൻഹാം അന്ന് ‘റോയൽ ആഴ്സണൽ’ എന്നറിയപ്പെട്ട നമ്മൾക്ക് എതിരെ വിജയികൾ ആയി. പക്ഷേ 1888ല് നടന്ന മത്സരത്തിൽ നമ്മൾ ടോട്ടൻഹാമിനെ 6-2ന് നമ്മുടെ സ്വന്തം തട്ടകത്തിൽ തോൽപ്പിച്ചു (ഈ രണ്ടു കളികളും ഒഫീഷ്യൽ കളികൾ അല്ല). പിന്നീട് 1889ല് നടന്ന മത്സരത്തിൽ നമ്മുടെ തട്ടകം ആയ മാനർ ഗ്രൗണ്ടിൽ അവരെ 10-1ന് തകർക്കുകയും ചെയ്തു, ഇതിൽ രണ്ടു ഹാറ്റ് ട്രിക്ക് ഉണ്ട്, ഒരാൾ 4 ഗോളും അടിച്ചു.
1898ല് ആയിരുന്നു അടുത്ത പ്രധാന മൽസരം, നടന്നത് അവരുടെ അടുത്ത തട്ടകം ആയ Northumberland Parkല്. മൽസരം സമനില ആയി. പക്ഷേ ഈ കളിക്ക് ഒരു പുതിയ NLD റെക്കോർഡ് ഉണ്ടായിരുന്നു, 15000 പേരാണ് ഈ കളി കാണാൻ വന്നത്. ഒരു സ്റ്റാൻഡ് താഴെവീണ് ഒരുപാട് പേർക്ക് പരിക്കേൽക്കുകയും കാണികൾ സ്റ്റേഡിയത്തിന് മേൽക്കൂരയിൽ കയറിയാണ് പിന്നെ കളി കണ്ടത്. ഈ സംഭവത്തിനുശേഷം ടോട്ടൻഹാം പുതിയ ഒരു സ്റ്റേഡിയത്തിലേക്ക് മാറുകയും ചെയ്തു (White Hart Lane).
1903 വരെ ഇവർ രണ്ടുപേരും കളിച്ചിരിരുന്നത് സൗഹൃദ മത്സരങ്ങളും, പിന്നെ ലണ്ടൻ ലീഗും, സതേൺ ലീഗും കളികൾ ആയിരുന്നു. 1908ഇല് ആണ് ആദ്യത്തെ ഫസ്റ്റ് ഡിവിഷൻ (ഇന്നത്തെ പ്രീമിയർ league) കളി നടന്നത്. വുൾവിച്ച് ആഴ്സണൽ നമ്മുടെ തട്ടകം ആയ മാനർ ഗ്രൗണ്ടിൽ വെച്ച് അവരെ 1-0 തോല്പിച്ചു. 1913 വരെ നടന്ന കളികളിൽ നമ്മൾ 8 വിജയവും, അവർ 9 വിജയവും കൈവരിച്ചു.
ഇതിൻ്റെ ഇടയിൽ ഇവർ തമ്മിൽ ഉള്ള റിസർവ്വ് മത്സരങ്ങളിൽ കുറച്ചു അടിപിടി ഒക്കെ നടന്നിരുന്നു. 1902ല് അവരുടെ ഗോളീ ഒരു കാണിയെ ആക്രമിക്കുകയും, 1904 അവരുടെ ഒരു താരം നമ്മുടെ ഒരു താരത്തെ ആക്രമിക്കും ചെയ്തു. നമ്മൾ നോർത്ത് ലണ്ടനിൽ എത്തുന്നതിനു മുൻപ് തന്നെ ശത്രുത താഴെ തട്ടിൽ തുടങ്ങി.
ഡർബിയുടെ തുടക്കം
നേരത്തെ പറഞ്ഞ പോലെ ആഴ്സണൽ ഒരു നോർത്ത് ലണ്ടൻ ക്ലബ് ആയി മാറിയപ്പോൾ ആണ് ഡർബി തുടക്കം. 1914 ഒന്നാം ലോകയുദ്ധം തുടങ്ങിയ കാരണം ലീഗ് മത്സരങ്ങൾ ഒന്നും അതികം നടന്നില്ല. പക്ഷേ യുദ്ധത്തിൻറെ ഇടയിൽ ചില വാർ മെമ്മോറിയൽ കളികൾ നടക്കുകയും ചെയ്തു. നിർഭാഗ്യവശാൽ ടോട്ടൻഹാം ഒരു ഡിവിഷൻ 1 ക്ലബ്ബ് ആയിരുന്നു, നമ്മൾ ഒരു ഡിവിഷൻ 2 ക്ലബ്ബും. എന്നാല് 1914ല് നടന്ന ഒരു മത്സരത്തിൽ നമ്മൾ ഇവർക്ക് എതിരെ 5-1 ന് ജയിക്കുകയും ചെയ്തൂ.
അങ്ങനെ യുദ്ധം കഴിഞ്ഞു. ഇംഗ്ലീഷ് FA, ഫുട്ബോൾ കളികൾ പുനരാരംഭിക്കാൻ ഉള്ള പദ്ധതികൾ ആസൂത്രണം ചെയ്തു. ഇനിയാണ് ഇവർ തമ്മിലുള്ള ശത്രുതയ്ക്ക് പ്രധാന കാരണമായ സംഭവവികാസങ്ങൾ നടക്കുന്നത്. യുദ്ധത്തിനു മുമ്പ് നടന്ന സീസണിൽ ടോട്ടൻഹാം 20 ആം സ്ഥാനം കരസ്ഥമാക്കി തരം താഴ്ത്തപ്പെട്ടു, കൂടെ 19 ആം സ്ഥാനത്തുള്ള ചെൽസിയും. പക്ഷേ 1919ല് ലീഗ് 22 ടീമുകൾ ആയി. ചെൽസിയെ തരംതാഴ്ത്തിയില്ല, കാരണം മാഞ്ചസ്റ്റർ യുണൈറ്റഡ് – ലിവർപൂൾ 1914ല് അവസാനം നടന്ന കളിയിൽ ഒത്തുകളിച്ചാണ് ചേൽസീകിട്ട് ഒരു പണി കൊടുത്തത്. ഡിവിഷൻ 2ല് ഉള്ള രണ്ടു ടീമുകൾ ഓട്ടോമാറ്റിക് സ്ഥാന കയറ്റം കിട്ടി കയറി വന്നു.
ഇനിയുള്ള തർക്കം ടോട്ടൻഹാമിനെ നിലനിർത്തണം അതോ ഡിവിഷൻ 2വിൽ മൂന്നാമത് ഫിനിഷ് ചെയ്ത ക്ലബ്ബിന് സ്ഥാനക്കയറ്റം കൊടുക്കണോ എന്ന് ഉള്ളതായി. ആഴ്സണൽ ഡിവിഷൻ 2ൽ 5ആം സ്ഥാനം കരസ്ഥമാക്കിയിരുന്നു. ഈ സമയത്ത് ആണ് ആഴ്സനൽ ചെയർമാൻ ഹെൻറി നോറിസ് സ്ഥാന കയറ്റം നമുക്ക് നൽകണം എന്ന വ്യവസ്ഥ മുന്നോട്ട് വെച്ചത്. അതിനു പറഞ്ഞ ന്യായം, നമ്മൾ കൂടുതൽ സീസൺ ടോട്ടൻഹാമിനെകാൾ ലീഗിൽ കളിച്ചട്ടുണ്ട് എന്നുള്ളതായിരുന്നു.
ഈ വാദത്തിന് ലിവർപൂളിൻ്റെ ചെയർമാനായ ജോൺ മക്കെന്നയുടെ പിന്തുണ കിട്ടി, പിന്നീട് പല ക്ലബുകളുടെയും. അങ്ങനെ ആഴ്സണൽ വേണോ ടോട്ടെൻഹാം വേണോ, അതോ മൂന്നാമതും നാലാമതും ഫിനിഷ് ചെയ്ത ക്ലബ്ബുകൾ വേണോ എന്നുള്ളത് തീരുമാനിക്കാൻ ഒരു വോട്ടെടുപ്പ് നടന്നു. 18 വോട്ട് കിട്ടിയ ആഴ്സണൽ ഇതിൽ വിജയിച്ചു. ടോട്ടൻഹാമിന് കിട്ടിയത് 8 വോട്ടും. ഈ തോൽവി ടോട്ടൻഹാമിനെ നന്നായിട്ട് ചൊടിപ്പിച്ചു. വോട്ടെടുപ്പ് നേരായ മാർഗ്ഗത്തിൽ അല്ല നടന്നത്, നമ്മുടെ ചെയർമാൻ പലരീതിയിലും കാശുകൊടുത്തു മറ്റുള്ള എക്സിക്യൂട്ടീവ്സിനെ സ്വാധീനിച്ചു എന്ന ആരോപണം ഉന്നയിച്ചു. പക്ഷേ ഈ ആരോപണം തെളിയിക്കാൻ അവർക്ക് പറ്റിയില്ല. ഇന്നും രണ്ടു കൂട്ടരുടെ ആരാധകർ ഇതുപറഞ്ഞ് വഴക്കാണ്. നമ്മൾ ചതിയിലൂടെയാണ് സ്ഥാനക്കയറ്റം കരസ്ഥമാക്കിയത് എന്നാണ് അവരുടെ വാദം.
പക്ഷേ ഇതിന് പതിനൊന്ന് കൊല്ലം മുമ്പ്, സതേൺ ലീഗിൽ ഏഴാമത് ഫിനിഷ് ചെയ്ത ടോട്ടൻഹാം, ഡിവിഷൻ 2 ലേക്ക് വോട്ടെടുപ്പ് സഹായത്താൽ പ്രമോഷൻ കരസ്ഥമാക്കിയ ഒരു ചരിത്രമുണ്ട്.
ചരിത്രം 1920 – 1950
എന്തായാലും തരം താഴ്ത്തപ്പെട്ട ടോട്ടൻഹാം മുറിവേറ്റ വേദനയോടെയാണ് പോയത്. ഈ അവഹേളനയിലുള്ള വേദന ഊർജമാക്കി അടുത്ത സീസണിൽ ചാമ്പ്യൻസ് ആയി സ്ഥാനക്കയറ്റം കിട്ടി അവർ തിരിച്ചുവന്നു. പിന്നീടങ്ങോട്ട് 4-5 സീസണിൽ ഇവർ തമ്മിൽ വാശിയേറിയ പോരാട്ടങ്ങൾ നടന്നു. ഇംഗ്ലീഷ് FA പല സന്ദർഭങ്ങളിലായി 2 ക്ലബ്ബുകളെ ശാസിച്ചുട്ടുണ്ട്. കളിക്കാരെയും കാണികളെയും നിലക്കുനിർത്താൻ പറ്റാത്തതിൽ ആണിത്. കാണികൾ ഇല്ലാതെ മത്സരം സംഘടിപ്പിക്കേണ്ടി വരും എന്ന് വരെ പറഞ്ഞു. ടിക്കറ്റ് വരുമാനം വന്നു വളരെ പ്രധാനപ്പെട്ടതായിരുന്നു അതുകൊണ്ടുതന്നെ ഇങ്ങനെയുള്ള ശാസനകൾ രണ്ട് ക്ലബ്ബും കാര്യമായി തന്നെ എടുത്തു.
അതുവരെ 2 FA കപ്പ് നേടിയ ടോട്ടൻഹാം, തങ്ങളാണ് മികച്ച ക്ലബ് എന്ന് പറഞ്ഞു നടക്കുകയും ചെയ്തു. പക്ഷേ ഹേർബെട്ട് ചപ്മാൻ്റെ വരവും, നമ്മൾ ട്രോഫികൾ വാരി കൂട്ടിയതും, ടോട്ടൻഹാം രണ്ടാം ഡിവിഷനിലേക്ക് തരംതാഴ്ത്തപെട്ടതും 1920ൻ്റെ അവസാനവും 1950 വരെ നോർത്ത് ലണ്ടൻ ഡർബിയുടെ പകിട്ട് കുറച്ചു.
ഇതിനിടയിൽ ഇവർ തമ്മിൽ കളിച്ച ഒരു പ്രധാന മത്സരം 1931ല് ഇൽ നടന്ന ലണ്ടൻ FA ചാരിറ്റി ഷീൽഡ് ഫൈനൽ മത്സരമായിരുന്നു. ഇവർ തമ്മിൽ ചരിത്രത്തിൽ കളിച്ച ഒരേ ഒരു ഫൈനൽ ആണ് എന്നുള്ള പ്രത്യേകത ഈ കളിക്ക് ഉണ്ട്. സ്വാഭാവികമായും കളി ജയിച്ചത് നമ്മൾ തന്നെ. സ്കോർ 2-1.
ഈ സീസൺ കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോവിലാണ് ആദ്യമായി ഒരു ആഴ്സനൽ കളിക്കാരൻ ടോട്ടൽഹാമിലേക്ക് പോകുന്നത്. നമുക്ക് വേണ്ടി അന്നത്തെ റെക്കോർഡ് ആയ 129 ഗോൾ അടിച്ച ജിമ്മി ബ്രയിൻസ് ആയിരുന്നു അത്. പക്ഷേ ശത്രുതയുടെ തീവ്രത കുറഞ്ഞ സമയം ആയതിനാൽ ഇതൊരു പ്രശ്നം ആയില്ല.
1934ല് ടെഡ് ഡ്രെയ്കെസ് നമുക്ക് വേണ്ടി ഈ ഡർബിയിലെ ആദ്യത്തെ ഹാറ്റ് ട്രിക്ക് കരസ്ഥം ആക്കി. അതും അവരുടെ തട്ടകത്തിൽ. ഈ കളി നമ്മൾ 5-1 ജയിച്ചു. 1935ല് നമ്മൾ അവരെ 6-0 പൊട്ടിക്കുകയും ചെയ്തു, വീണ്ടും അവരുടെ തട്ടകത്തിൽ. 1949ല് ആദ്യം ആയി നമ്മൾ അവരെ FA കപ്പിൽ നേരിട്ടു ജയം നമുക്ക് തന്നെ 3-0.
1949ല് നമ്മൾ അന്നത്തെ റെക്കോർഡ് തുക ആയ £312,00 കൊടുത്തു അവരുടെ താരം ആയ ഫ്രെഡി കോസ്സ നെ സ്വന്തം ആക്കി.
വേറിട്ട ഒരു കാര്യം: ഒന്നാം ലോകമഹായുദ്ധത്തിൽ ടോട്ടൻഹാമിൻ്റെ സ്റ്റേഡിയം ഇംഗ്ലീഷ് ഗവൺമെൻറ് ഫാക്ടറി ആയി ഉപയോഗിച്ചപ്പോൾ, നമ്മൾ അവർക്ക് ഹൈബറി മത്സരത്തിനായി കൊടുത്തു. രണ്ടാം ലോകമഹായുദ്ധത്തിലെ സമയത്ത് ഹൈബറി ആയുധ സംഭരണശാല ആക്കി മാറ്റിയപ്പോൾ, ടോട്ടെൻഹാം അവരുടെ സ്റ്റേഡിയം നമുക്ക് കളിക്കാനായി തന്നു.
ചരിത്രം 1950 – 1970
ഇവർ തമ്മിൽ വലിയ പോരാട്ടങ്ങൾ ഒന്നും ഇല്ലാതെ ഈ രണ്ടു ദശാബ്ദങ്ങൾ കടന്നു പോയി. പക്ഷേ ചില സവിശേഷതകൾ ഉണ്ട്.
1. 1951ല് നമ്മുടെ തട്ടകത്തിൽ നടന്ന മത്സരം അന്നുവരെ ഈ ഡർബി കണ്ടതിൽ വച്ച് ഏറ്റവും കൂടുതൽ കാണികൾ വന്ന മത്സരമായിരുന്നു (72,164).
2.1951 സീസണിൽ അവർ ആദ്യത്തെ ടൈറ്റിൽ അടിക്കുകയും ചെയ്തു.
3. നമ്മൾ 1953ല് ടൈറ്റിൽ അടിച്ചു മറുപടി കൊടുക്കയും ചെയ്തു.
4. ഈ കാലയളവിലാണ് രണ്ടുപേരും അവരുടെ ആദ്യത്തെ യൂറോപ്യൻ ട്രോഫികൾ നേടിയത് (Arsenal 1970, Spurs 1963).
5. 1968ല് ആണ് ഇവർ ആദ്യം ആയി ലീഗ് കപ്പിൽ ഏറ്റുമുട്ടിയത്, വിജയം നമുക്ക് തന്നെ (1-0).
6. 1930കളിലെ നമ്മുടെ ജൈത്രയാത്ര കാരണം, 1971 വരെ ഇംഗ്ലണ്ടിൽ ഏറ്റവും കൂടുതൽ ട്രോഫി നേടിയ ക്ലബ് എന്ന പദവി നമുക്ക് നേടി തന്നു.
7. ടോട്ടൻഹാം ന് അവരുടെ ചരിത്രത്തിലെ ഏറ്റവും സുവർണ്ണ കാലഘട്ടം 1960കൾ ആയിരുന്നു. നമ്മൾ ആണെങ്കിൽ ഈ സമയത്ത് കാര്യം ആയി ഒന്നും നേടിയില്ല.
8. അതുകൊണ്ട് തന്നെ രണ്ടു കൂട്ടരും തമ്മിൽ “Pride of London” പദവിക്ക് വേണ്ടി ഉള്ള അടിപിടി സർവ സാധാരണം ആയിരുന്നു.
9. മുകളിൽ പറഞ്ഞപോലെ 1965ല് അവർ ഔദ്യോഗിക ആയി ലണ്ടൻ ക്ലബ് ആയപ്പോൾ അവരുടെ വാശി ഇരട്ടിച്ചു.
ചരിത്രം 1970 – 1996
1971 ലെ വൈറ്റ് ഹാർട്ട് ലൈനിൽ നടന്ന ഡർബി മൽസരം അവിസ്മരണീയം ആയിരുന്നു. നമ്മൾ കിരീടത്തിനു അരികെ, 0-0 സമനില ആണേൽ ടൈറ്റിൽ നമുക്ക്, 1-1 ആണേൽ ഗോൾ വ്യത്യസത്തിൽ ലീഡ്സ് ടൈറ്റിൽ കൊണ്ടുപോകും. 52,000 കാണികൾ കളി കാണാൻ അകത്തു, 50,000 കാണികൾ പുറത്ത്, ഈ കാലഘട്ടത്തിൽ ഒരു കളി കാണാൻ ഏറ്റവും കാണികൾ എത്തിയ മത്സരം ആയിരുന്നു ഇത്. 87 ആം നിമിഷം വരെ സ്കോർ 0-0, നമ്മുടെ രെയ് കെന്നഡി ബോൾ ഹെഡ് ചെയ്തു ഒരു ഗോൾ, പക്ഷേ ആഴ്സനൽ ആരാധകര് നിശബ്ദത പാലിച്ചു, അവർ ഒന്ന് തിരിച്ചു അടിച്ചാൽ ടൈറ്റിൽ പോകും, ഭദ്ധ വൈരികൾ അവരുടെ തട്ടകത്തിൽ വെച്ച് തന്നെ നാണം കെടുത്തും. പക്ഷേ ഒന്നും സംഭവിച്ചില്ല, റഫറി വിസിൽ അടിച്ചതും നമ്മുടെ ആരാധകര് മൈതാനം കയ്യേറി. അവരുടെ കൂടെ മൈതാനത്ത് ആഘോഷിക്കാൻ ഇറങ്ങിയ നമ്മുടെ മാനേജർ ബർടീ മീ ക്ക് വാച്ചും, ചൈനും, ജാക്കറ്റും നഷ്ടം ആയി!
നാളിതുവരെ ഭദ്ധ വൈരികളുടെ തട്ടകത്തിൽ ടൈറ്റിൽ അടിച്ച ഒരേ ഒരു ക്ലബ് നമ്മൾ മാത്രം ആണ്, അതും രണ്ടു തവണ!
1973ല് നമ്മുടെ തട്ടകത്തിൽ നടന്ന കളി സമനില ആയത് നമ്മുടെ ടൈറ്റിൽ പ്രതീക്ഷക്ക് മങ്ങൽ ഏല്പിച്ചു. 3 പോയിൻ്റ് വ്യത്യാസത്തിൽ ലിവർപൂൾ കിരീടം നേടി. ടോട്ടെൻഹാം ആയിട്ടുള്ള സമനിലക്ക് പുറമെ കുറച്ച് ഹോം കളികൾ കൂടെ സമനിലയിൽ ആയി, അവരുടെ ഫാൻസ് ഇത് നന്നായി ആഘോഷിക്കുക തന്നെ ചെയ്തു.
ഇതിന് ശേഷം രണ്ടു ക്ലബുകളും ഫോം നഷ്ടമായി, ടോട്ടെൻഹാം 1977ല് തരം താഴ്ത പെടുകയും നമ്മൾ 17ല് സീസൺ തീർക്കുകയും ചെയ്തു. പക്ഷേ 1978 മുതൽ 1980 വരെ 4 ഫൈനൽ കളിച്ചു നമ്മൾ തിരിച്ച് വന്നു, ഇതിൽ 1979ല് FA കപ് കിരീടം സ്വന്തം ആക്കി, പക്ഷേ 1978, 1980 ഫൈനലിൽ തോറ്റു, 1980ല് ഒരു യൂറോപ്യൻ കപ്പിൽ ഫൈനലിൽ തോറ്റു. ഈ സമയത്ത് ആണ് രണ്ടു ക്ലബും ലെജൻഡ് ആയി കാണുന്ന പറ്റ് ജെന്നിങ്സ് അവരെ വിട്ടു ആഴ്സണൽ ചേർന്നത്.
1980ല് മത്സരങ്ങൾ കൂടുതൽ ആയ കാരണം ആഴ്സനൽ ഡർബി കളി മാറ്റി വെക്കാൻ ടോട്ടെൻഹാമിനോട് അപേക്ഷിച്ച് എങ്കിലും, അവർ വഴങ്ങിയില്ല. യുവൻ്റാസ് ആയി സെമി ഫൈനൽ കളിക്കാൻ ഉള്ളത് കൊണ്ടും പിന്നെ ഒരുപാട് കടമ്പ ഉള്ള മൽസരങ്ങളും. അതുകൊണ്ട് നമ്മൾ ഒരു രണ്ടാം നിരയെ ഇറക്കി ഡർബി മൽസരത്തിൽ. അവരുടെ ഒന്നാം നിരയെ നമ്മൾ 2-1ന് തോല്പിച്ചു.
ഒരുപക്ഷേ നമ്മൾ തമ്മിൽ ഉള്ള ഏറ്റവും അപകടകരം ആയ കാണികളുടെ ആക്രമം നടന്നത് ഈ സമയത്താണ്. പെട്രോൾ ബോംബ് എറിഞ്ഞു ഒരുപാട് പേർക്ക് പരിക്കേറ്റത് ഈ മൽസരം കഴിഞ്ഞു ആണ്.
1985ല് നടന്ന മൽസരത്തിൽ അവരുടെ കിരീട പ്രതീക്ഷ നമ്മൾ തകർത്തു, അതും അവരുടെ തട്ടകത്തിൽ. 1-2ന് പരാജയപ്പെടുത്തുകയും, ആഘോശരാവിൽ നമ്മുടെ കാണികൾ 850 സീറ്റുകൾ തകർക്കുകയും ചെയ്തു.
1987ലെ league കപ് മത്സരം ശ്രദ്ധേയം ആണ്. അവർ 1-0ന് ഹൈ ബറിയിൽ ജയിക്കുകയും, രണ്ടാം പാദം 1-0 ന് ലീഡ് ചെയ്യുകയും ചെയ്തു. പക്ഷേ ലിവർപൂൾ കാണികൾ 2005ല് ടീമിനെ ഉത്തേജിച പോലെ, ആഴ്സണൽ കാണികൾ നല്ല പോലെ സ്പിരിറ്റ് കയറ്റി 2-1 ന് ജയിപ്പിച്ചു. ഇടയ്ക്ക് സ്റ്റേഡിയത്തിൽ ഫൈനൽ ടിക്കറ്റ് ഇപ്പൊൾ മേടിക്കാൻ പറ്റും എന്ന പ്രഭാഷണം സ്പീക്കർ വഴി കേട്ടപ്പോൾ ആണ് ഇത് സംഭവിച്ചത്. 2-2 ആയ രണ്ടു പാദ മത്സരം, മൂന്നാമത്തെ റീപ്ലേ മത്സരത്തിൽ നമ്മൾ അവസാന നിമിഷത്തെ ഗോളിൽ 2-1 ന് ജയിച്ചു ഫൈനലിൽ ലിവർപൂൾ നേം തോല്പിച്ച് കിരീടം നേടി. രസം എന്താണെന്ന് വെച്ചാൽ, നല്ല ഒരു ടീം ഉണ്ടായിരുന്ന ടോട്ടെൻഹാം, ഒരു സമയത്ത് 3 കിരീടവും നെടും എന്ന നിലയിൽ ആയിരുന്നു, പക്ഷേ ഒന്നും കിട്ടിയില്ല.
1991ല് നടന്ന FA കപ് സെമി ഫൈനലിൽ നോർത്ത് ലണ്ടൻ ഡർബി ഇതുവരെ കണ്ട ഏറ്റവും ഉയർന്ന അട്ടൻഡൻസ് ആയിരുന്നു. ഏകദേശം 78,000. കളി നമ്മൾ 3-1 ന് തോറ്റെങ്കിലും, നമ്മൾ ഇംഗ്ലീഷ് ലീഗ് ടൈറ്റിൽ അടിച്ചത്കൊണ്ട് അവരുടെ FA കപ് കിരീടം പാഴായി പോയി. അവരുടെ അവസാനത്തെ പ്രധാന കിരീടം കൂടി ആയിരുന്നു ഇത്, അതിനു ശേഷം ആകെ രണ്ടു ലീഗ് കപ് മാത്രം.
അടുത്ത സീസണിലെ ആദ്യത്തെ കമ്മ്യൂണിറ്റി ഷീൽഡ് നോർത്ത് ലണ്ടൻ ഡർബി സമനില ആവുകയും ചെയ്തു.
1993 ലെ FA കപ് സെമിയിൽ ഇവർക്ക് എതിരെ നമ്മൾ വീണ്ടും ജയിച്ചു, ഫൈനലിൽ വിജയം നേടി, ആദ്യം ആയി ഇംഗ്ലണ്ടിൽ “cup double” നേടുന്ന ടീം ആയി മാറി.
1995ലെ തോൽവിയും, ജോർജ് ഗ്രഹാം നെ കളഞ്ഞതും ഒക്കെ ആയി നമ്മൾ 12ല് സീസൺ പൂർത്തി ആക്കി. അവർ 7ആം സ്ഥാനത്തും. പക്ഷേ ഇത് ഒരു നല്ല തുടക്കത്തിന് വഴി ഒരുക്കി.
ചരിത്രം 1996 – ഇതുവരെ
ആശാൻ്റെ വരവും, ഡെന്നിസ് ബർഗ്കാമ്പ് പോലെ ഒരു ലോകോത്തര കളിക്കാരൻ്റെ വരവും ഒക്കെ ആയി നോർത്ത് ലണ്ടൻ ഡർബി ഒരു “one sided affair” ആയി മാറി. 1998ല് ആശ്ചര്യം ആയി ജോർജ് ഗ്രഹാം അവരുടെ മാനേജർ ആയി വരികയും, അവർ ലീഗ് കപ് കിരീടം നേടുകയും, 1999ല് നമ്മളെ പരാജയപെടുത്തുകയും ചെയ്തു. പക്ഷേ ഇംഗ്ലണ്ടിൽ മുൻ നിരയിൽ നിന്ന നമുക്ക് ഇത് ഒരു പ്രശ്നം ആയില്ല.
2000ലു നടന്ന മത്സരത്തിൽ നമ്മുടെ താരം ഗില്ലസ് ഗ്രിമാണ്ടി ഈ ഡർബി യിൽ റെഡ് കാർഡ് കിട്ടുന്ന ആദ്യ താരം ആയി മാറി. കളി നമ്മൾ 2-1 ന് ജയിച്ചു.
2001ല് രണ്ടു പ്രധാന സംഭവങ്ങൾ നടന്നു. FA കപ് സെമി ഫൈനലിൽ നമ്മൾ അവരെ പരാജയപ്പെടുത്തുകയും, അതും അവർ ജോർജ് ഗ്രഹാമിനെ തെറിപ്പിച്ച ശേഷം. 01 ല് അവസാനിക്കുന്ന വർഷങ്ങളിൽ തങ്ങൾ ഒരു ട്രോഫി എടുക്കാറുണ്ട് എന്ന് പറഞ്ഞു നമ്മളെ തോൽപ്പിക്കും എന്ന ആവേശത്തിൽ ആയിരുന്നു അവർ.
പിന്നെ ട്രാൻസ്ഫർ വിൻഡോസിൽ അവരുടെ നായകൻ ആയ സോൾ കാംബെല്ലിനെ സൈൻ ചെയ്തതും. ബാഴ്സ, ഇൻ്റർ, ബയേൺ എന്നിവരുമായി സംസാരിച്ച സോൾ, എല്ലാവരും കരുതിയത് അങ്ങോട്ടേക്ക് പോകും എന്നാണ്. എന്നാല് വാർത്തകൾ നേരെത്തെ അറിയുന്നതിൽ പ്രസിദ്ധമായ ഇംഗ്ലീഷ് മാധ്യമ ലോകത്തെ ഞെട്ടിച്ചു കൊണ്ട് ഇംഗ്ലണ്ടിലെ ഏറ്റവും മികച്ച സെൻ്റർ ബാക്കിനെ നമ്മൾ കരസ്ഥം ആക്കി. അതും ഒരു ക്യാഷ് ചിലവ് ഇല്ലാതെ, ഫ്രീ ഏജൻ്റ് ആയി. ഒരു സീസൺ ശേഷം മാൻ യുണൈറ്റഡ് 35 മില്യൺ കൊടുത്താണ് റിയോ ഫർഡിനാൻ്റി നെ മെടിച്ചത് എന്ന് ഓർക്കണം.
2004ല് അവരുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ നമുക്ക് ഒരു സമനില മാത്രം മതി കിരീടം കരസ്ഥം ആക്കാൻ. ഇത് മനസ്സിലാക്കിയ അവരുടെ ഗ്രൗണ്ട് സ്റ്റാഫും താരങ്ങളും അവരുടെ കാണികളെ പ്രകൊപ്പിക്കുന്ന രീതിയിൽ മത്സര ശേഷം ആഘോഷിക്കാൻ പാടില്ല എന്ന് അപേക്ഷിച്ചിരുന്നു. നമ്മൾ അത് അംഗീകരിക്കുകയും ചെയ്തു. പക്ഷേ 2-1 ന് ലീഡ് ചെയ്ത നമ്മൾ, അവർക് ഒരു പേനൽട്ടി കിട്ടി 85ആം മിനുട്ടിൽ 2-2 സമനില ആക്കി, കളി കഴിഞ്ഞപ്പോൾ ഈ സമനില അവർ ആഘോഷിച്ചു. ഇത് കണ്ട് നമ്മുടെ താരങ്ങൾ വൈറ്റ് ഹാർട്ട് ലൈൻ നമ്മുടെ ആഘോഷ ആസ്ഥാനം ആക്കി മാറ്റി.
2006ലു 37 മത്സരങ്ങൾ കഴിഞ്ഞപ്പോൾ അവർ 4ഉം നമ്മൾ 5ഉം സ്ഥാനങ്ങളിൽ. അവസാന മത്സരത്തിൽ അവർക്ക് ഒരു സമനില മാത്രം മതി ജയിക്കാൻ. അവർ നേരിടുന്നത് വെസ്റ്റ് ഹമിനെ. നമുക്ക് ജയിച്ചേ പറ്റൂ, മാത്രമല്ല ഈ മത്സരം ഹൈബറിയിൽ നമ്മുടെ അവസാന മത്സരം ആണ്. ചാംപ്യൻസ് ലീഗ് ഫൈനലിൽ എത്തി നില്കുന്ന സമയവും. അവരുടെ പുറകിൽ 5ആം സ്ഥാനം ഒരു വലിയ നാണക്കേട് ആയി മാറും.
ഒരു സമയത്ത് വിഗാൻ എതിരെ നമ്മൾ 1-2 പുറകിലും, അവർ വെസ്റ്റ്ഹാം ആയി 1-1 സമനിലയിൽ, പക്ഷേ 1913ല് അന്നത്തെ ചെയർമാൻ ഹെൻറി നോറിസ് ആയി നമുക്ക് തന്ന ഹൈബറിയിൽ, നമ്മളെ രക്ഷിക്കാൻ 93 വർഷങ്ങൾ ഇപ്പുറം വേറെ ഒരു ഹെൻറി, തിയേറി ആയി ഒരു ഹാറ്റ് ട്രിക്കൊടെ 4-2 ന് ജയിക്കാൻ നമ്മളെ സഹായിച്ചു. വെസ്റ്റ്ഹാം അവരെ 2-1 ന് തോൽപ്പിച്ചു. വെസ്റ്റ്ഹാം 2ആം ഗോൾ അടിച്ചതും ഡെന്നിസ് ബർഗ്കമ്പ് അവസാനം ആയി നമുക്ക് വേണ്ടി കളിക്കാൻ പകരക്കാരൻ ആയി ഇറങ്ങിയത് ഒരേ സമയം ആയിരുന്നു എന്നത് ഇന്നും ഒരു അൽഭുതം ആണ്.
മത്സര ശേഷം ടോട്ടെൻഹാം തങ്ങളുടെ 10 താരങ്ങൾക്ക് തലേ ദിവസം ലസാഗ്ന കഴിച്ചു വയറിന് അസ്വസ്ഥത ആയത് ആഴ്സണൽ ഫാൻസ് ഒപ്പിച്ച പണി ആണ് എന്ന് പറഞ്ഞു ഒരു അന്വേഷണം ആവശ്യപ്പെട്ടു, അത് കൂടാതെ മത്സര മുൻപ് മത്സരം മാറ്റി വെക്കണം എന്ന് കൂടെ ആവശ്യപെട്ടു, രണ്ടും FA തള്ളി. ഒരു താരം പാചകാരനെ ആഴ്സണൽ ജേഴ്സി ഇട്ടു കണ്ട് എന്ന് വരെ പറഞ്ഞു.
2007ല് നടന്ന ലീഗ് കപ് സെമിയിൽ 2-0 പുറകെ നിന്ന ശേഷം 2-2 ആയി തിരിച്ചു വന്നു, രണ്ടാം പാദം 3-1 ന് ജയിച്ചത് ഇന്നും ഒരു അവിസ്മരണീയം ആയ ഓർമ ആണ്.
2008ല് നമ്മുടെ തട്ടകത്തിൽ 4-2 ന് 88ആം മിനിറ്റ് വരെ മുൻപിൽ നിന്നിട്ടും 4-4 ആയത് ഇപ്പോഴും ഒരു വേദന ആണ്. പക്ഷേ അതേ സീസണിൽ 30ആം മിനിറ്റിൽ 10 പേരായി ചുരുങ്ങിയിട്ടും 0-0 സമനില പിടിച്ചത് അതും അവരുടെ തട്ടകത്തിൽ ഒരു വിജയം തന്നെ ആണ്.
2008ല് അവർ ലീഗ് കപ് അടിച്ചതും നമ്മൾ 2011ല് ഫൈനലിൽ തോറ്റത് കുറച്ച് നാളത്തേക്ക് അവർക്ക് ആഘോഷിക്കാൻ ഒരു വക നൽകി.
പിന്നീട് അങ്ങോട്ടുള്ള മത്സരങ്ങൾ ഒക്കെ നിങ്ങൾക്ക് നല്ല സുപരിചിതം ആണ്, അത് കൊണ്ട് തന്നെ അത് അത്ര വിഷദം ആയി പറയുന്നില്ല. എന്നാലും ചില അവിസ്മരണീയ നിമിഷങ്ങൾ ഇതാ.
1. 2009 – ഫാബ്രിഗസ് കുറച്ച് സെക്കൻ്റ് ഗോൾ 2-0. ആദ്യ ഗോളിൽ നിന്ന് രണ്ടാം ഗോളിലേകുള്ള അകലം 45 സെക്കൻ്റ് മാത്രം!
2. 2010 – സമീർ നസ്രി അവരുടെ തട്ടകത്തിൽ താണ്ഡവം ആടി 4-1 ജയം
3. 2012 – 10 പോയിൻ്റ് മുന്നിൽ ഉള്ള അവർ, 2-0 മുന്നിൽ നിൽക്കുന്നു, പക്ഷേ തിരിച്ചു വന്നു നമ്മൾ 5-2ന് ജയിച്ചു, അവരുടെ മുകളിൽ ഫിനിഷ് ചെയ്യുകയും ചെയ്തു
4. 2012 – അതെ വർഷം തന്നെ വീണ്ടും 5-2, ഈ പ്രാവശ്യം അടെബായോർ ചുവപ്പ് കാർഡ് കിട്ടിയത് ഒരു ബോണസ്!
5. 2014 – 9 വർഷത്തെ കപ് ദാരിദ്ര്യം തീർന്ന സീസണിൽ FA കപ്പിലെ ജൈത്രയാത്ര തുടങ്ങിയത് ഇവർക്ക് എതിരെ ഉള്ള ഒരു 2-0 വിജയത്തിൽ നിന്ന് ആയിരുന്നു.
6. 2015 – ഒട്ടും പ്രതീക്ഷിക്കാതെ ഫ്ലമിനി ഡബിൾ അടിച്ചു അവരുടെ തട്ടകത്തിൽ 2-1 ന് ജയം
7. 2016 – ടൈറ്റിൽ നഷ്ടപെട്ടു എങ്കിലും നമ്മുടെ മുകളിൽ രണ്ടാം സ്ഥാനം ഉണ്ടല്ലോ എന്ന് ആഘോഷിച്ച അവർക്ക് പ്രഹരം ആയി അവസാന മത്സരത്തിൽ തരം താഴ്തപെട്ട ടീം ആയി പരാജയപ്പെട്ടു, നമ്മൾ രണ്ടാമത്.
8. 2018 – 1-2 ല് നിന്ന് 4-2 ആയ മത്സരം നമ്മുടെ സ്റ്റേഡിയം കണ്ടതിൽ വെച്ച് ഏറ്റവും കൂടുതൽ ആഹ്ലാദ പ്രകടനം കണ്ട മത്സരം ആണ്
9. 2021 – ഈ വർഷം ഇവർക്കെതിരെ രണ്ടു വിജയം, ഒന്ന് 2-1, മറ്റൊന്ന് 3-1, അതും നമ്മൾ ഒരുപാട് പഴി കേട്ടിരുന്ന ഒരു സമയത്ത്.
11. 2022 – ഒരു അവിസ്മരണീയ ജയം 3-1 ന് നമ്മളെ വീണ്ടും പോയിൻ്റ് പട്ടികയിൽ മുന്നിൽ എത്തിച്ചു. കഴിഞ്ഞ സീസണിലെ തോൽവിക്ക് ഒരു പകരം വീട്ടലും, നമ്മുടെ യുവനിരക്ക് നല്ല മികവ് ഉണ്ടെന്ന് കാട്ടി കൊടുക്കുകയും ചെയ്തു.
കഴിഞ്ഞ സീസണിൽ നേരിയ അളവിൽ ആണെങ്കിലും അവരുടെ പുറകിൽ ഫിനിഷ് ചെയ്തത് ഒരു കുറവ് തന്നെ ആണ്. 2017 ന് ശേഷം നമുക്ക് സെൻ്റ് ടോട്ട്ടറിഘം ദിവസം ആഘോഷിക്കാൻ കഴിഞ്ഞട്ടില്ല. പക്ഷേ ഈ കാലയളവിൽ നമുക്ക് 4 കിരീടങ്ങളും, അവർക്ക് ഒന്നും ഇല്ല എന്നത് ഒരു ഹരം ഉള്ള കാര്യമാണ്.