എമിറേറ്റ്സ് സ്റ്റേഡിയം – ഒരു ചരിത്രം | ഭാഗം 1
- 1727 Views
- Saheen Najeeb
- February 25, 2023
- Editorial Featured
It’s sad, but you have got to look it like a caterpillar turning to butterfly, rather than a death, this is the dawning of a new era
A Gooner Comment in 2006
2006ല് Highbury യിൽ നടന്ന അവസാന മൽസരത്തിന് മുൻപ് നിറകണ്ണുകളോടെ നിന്നിരുന്ന ഒരു കൂട്ടം ആരാധകരുടെ ഇടയിൽ നിന്ന് വേറെ ഒരു ആരാധകൻ പറഞ്ഞ വാക്കുകൾ ആണിത്.
ഒരു ശരാശരി ആരാധകനെ സംബന്ധിച്ച് Highbury ഒരു സ്റ്റേഡിയം എന്നതിന് ഉപരി ഒരു വികാരം കൂടി ആയിരുന്നു. അതുകൊണ്ട് തന്നെ സ്റ്റേഡിയം മാറാൻ ഉള്ള തീരുമാനം വളരെ വിമർശന ബുദ്ധിയോടെ തന്നെ ആണ് നമ്മുടെ ആരാധകര് സമീപിച്ചത്.
പക്ഷേ ഈ വികാരത്തിന് പുറമെ ഈ ഒരു മാറ്റത്തിന് പിന്നിൽ ഒരുപാട് വർഷത്തെ ആലോചനയും, സാഹസികതയും, പേടിയും, സ്വന്തം തട്ടകത്തിൽ നിന്നുമുള്ള എതിർപ്പും, സർക്കാരിൽ നിന്നുള്ള തടസ്സങ്ങളും, മറ്റു ക്ലബ് ആരാധകരിൽ നിന്നുള്ള സംഘടിത മുന്നേറ്റങ്ങളും, അങ്ങനെ അങ്ങനെ ഒരുപാട് കടമ്പകൾ. ഒരുപക്ഷേ വേറെ ഒരു ക്ലബ്ബും അഭിമുീകരിക്കേണ്ടി വന്നിട്ടില്ലാത്ത കടമ്പകൾ!
ഞാൻ ഇവിടെ പറയാനുദ്ദേശിക്കുന്നത് എമിറേറ്റ്സ് സ്റ്റേഡിയം അഥവാ ആശ്ഭർട്ടൻ ഗ്രൂവ് (Ashburton Grove) എന്ന നമ്മുടെ സ്വന്തം സ്റ്റേഡിയത്തിന് കഥയാണ്. അതിൻറെ തുടക്കം മുതലുള്ള പ്ലാനിംഗ്, അതിൻറെ സ്പോൺസർഷിപ്പും പിന്നെ അതിൻറെ ഫണ്ടിംഗ്, അതിൻറെ കടമ്പകൾ, എന്നിങ്ങനെ നമ്മൾ അധികം കേട്ടിട്ട് ഇല്ലാത്ത കാര്യങ്ങൾ.
പല ഭാഗങ്ങൾ ആയി ആണ് ഇത് എഴുതാൻ ഞാൻ ഉദ്ദേശിക്കുന്നത്. ഭാഗം ഒന്നിൽ പറയുന്നത് നമ്മൾ ഇതുവരെ കളിച്ച സ്റ്റേഡിയങ്ങളുടെ ഒരു ചരിത്രം, എമിറേറ്റ്സ് സ്റ്റേഡിയം എന്ന ആശയം വരാൻ ഉണ്ടായ സാഹചര്യം, പിന്നെ Highbury അഭിമൂകരിച്ച പ്രശ്നങ്ങളും.
സ്റ്റേഡിയം ചരിത്രം – 1886 to 1913
പ്രധാന തലകെട്ടിലേക് കടക്കുന്നതിനു മുമ്പ് നമുക്കൊന്ന് നമ്മുടെ സ്റ്റേഡിയങ്ങളുടെ ചരിത്രം പരിശോധിക്കാം. 1886 മുതൽ ഇന്നുവരെ നമ്മൾ 6 ഗ്രൗണ്ടുകളിൽ കളിച്ചിട്ടുണ്ട്.
ഡയൽ സ്ക്വയർ ഫുട്ബോൾ ക്ലബ് എന്ന പേരിൽ തുടങ്ങിയ നമ്മുടെ ക്ലബ് ആദ്യം കളിച്ചിരുന്നത് ‘Isle of Dogs’ എന്ന ഒരു ഗ്രൗണ്ടിൽ ആയിരുന്നു. (A piece of open ground that someone had found on the Isle of Dogs)
പിന്നീട് അവിടെ നിന്ന് ‘Plumsted Common’ എന്നൊരു ഗ്രൗണ്ടിലേക്ക് മാറി നമ്മൾ കളിച്ചു. അവിടെനിന്ന് ‘Sportsman Ground’ എന്ന വേറൊരു ഗ്രൗണ്ടും നമ്മൾ ഉപയോഗിച്ചു നമ്മുടെ ആദ്യകാലങ്ങളിൽ. 1888 വരെ ഈ മുകളിൽ പറഞ്ഞ മൂന്ന് ഗ്രൗണ്ടുകളിൽ ആയാണ് കളി തുടങ്ങിയത്.ഇതിൻറെ ഇടയിൽ ഡയൽ സ്ക്വയർ എന്ന പേര് മാറ്റി നമ്മൾ റോയൽ ആഴ്സനൽ എന്ന് അറിയപ്പെട്ടു.
1888 നമ്മൾ ‘Manor Field’ എന്ന ഒരു ഗ്രൗണ്ടിലേക്ക് താവളം മാറ്റി. ഒരു സ്റ്റാൻഡ് പോലുമില്ലാതിരുന്ന സ്റ്റേഡിയത്തിൽ നമ്മൾ അടുത്തുള്ള ആർമി ബേസിൽ നിന്ന് അവരുടെ പല പല യാത്ര ആവശ്യങ്ങൾക്കായുള്ള ഉപകരണങ്ങൾ (വാഗൺ) വാടകക്ക് എടുത്താണ് കളികൾ നടത്തിയിരുന്നത്.
പിന്നീട് 1890ഇല് അടുത്തുള്ള തന്നെ ‘Invicta Ground’ എന്ന കൂടുതൽ അനുയോജ്യമായ ഒരു സ്റ്റേഡിയത്തിലേക്ക് നമ്മൾ നമ്മുടെ സ്റ്റേഡിയം മാറ്റുകയാണ്.
അപ്പോഴേക്കും റോയൽ ആഴ്സനൽ എന്ന പേര് മാറ്റി നമ്മുടെ ക്ലബ്ബിൻറെ പേര് ‘Woolwich Arsenal’ ആയി മാറിക്കഴിഞ്ഞു. 1894 വരെ നമ്മൾ Invictus ഗ്രൗണ്ടിൽ കളിച്ചു.
അതിനുശേഷം 1894 നമ്മൾ പഴയ മാനർ ഗ്രൗണ്ട് മെടിക്കുകയും അവിടെ സ്റ്റാൻഡും അതിന് അനുബന്ധിച്ച് പല പല അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി അറ്റൻഡൻസ് 6000 ആക്കി നമ്മൾ കളി തുടങ്ങി, നമ്മുടെ സ്വന്തം ഗ്രൗണ്ട് ആയിട്ട് തന്നെ! അടുത്ത ഒരു 20 വർഷം നമ്മൾ മാനർ ഗ്രൗണ്ടിൽ തന്നെ നമ്മുടെ കളികൾ നടത്തി പോന്നിരുന്നു.
1904 നമ്മൾ ഫസ്റ്റ് ഡിവിഷനിലേക്ക് പ്രമോഷൻ കൈവരിച്ചു. പക്ഷേ നമ്മൾ നേരിട്ട ഒരു പ്രശ്നം എന്തെന്നുവെച്ചാൽ മാനർ ഗ്രൗണ്ട് ലൊക്കേഷൻ റസിഡൻഷ്യൽ ഏരിയ അല്ലാത്തതുകൊണ്ട്, ഇൻഡസ്ട്രിയൽ ഏരിയ ആയതുകൊണ്ടും നമ്മുക്ക് അറ്റൻഡൻസ് കുറവായിരുന്നു. ചില സമയങ്ങളിൽ 20,000 വരെ കാണികൾ ഉണ്ടായിരുന്നെങ്കിൽ പോലും നമ്മുടെ ശരാശരി അറ്റൻഡൻസ് 11,000 മാത്രമായിരുന്നു.
അതേസമയം ലണ്ടനിലുള്ള ചെൽസിയുടെ ആവറേജ് അറ്റൻഡൻസ് 28,000 ആയിരുന്നു.
ഈ സമയത്ത് സ്റ്റേഡിയം അറ്റൻഡൻസ് ആയിരുന്നു വരുമാനത്തിന് ഒരു മുഖ്യപങ്കും വഹിച്ചിരുന്നത്. അതുകൊണ്ടുതന്നെ അറ്റൻഡൻസ് ഇല്ലാത്ത കാര്യം നമ്മുടെ വരുമാനത്തെ ബാധിക്കുകയും നമ്മുടെ ക്ലബ്ബ് നഷ്ടങ്ങൾ നേരിടുകയും, പാപ്പരത്തം (Bankruptcy) അഭിമുഖീകരിക്കുകയും ചെയ്തു.
അങ്ങനെയാണ് ലണ്ടനിലെ ധനികനായ ഹെൻറി നോറിസ് നമ്മുടെ ക്ലബ്ബ് മെടിച്ചത്. നമ്മൾ മാനർ ഗ്രൗണ്ടിൽ നിന്നും മാറി Highbury നീക്കം മൂന്നുവർഷത്തിനുള്ളിൽ നടപ്പാക്കുകയും ചെയ്തു.
നമ്മുടെ ക്ലബ്ബ് മേടിച്ചപ്പോൾ തന്നെ Fulham എന്ന വേറൊരു ഫുട്ബോൾ ക്ലബ്ബിൻറെ ചെയർമാനായിരുന്നു ഹെൻറി നോറിസ്. അതുകൊണ്ട് തന്നെ Arsenal – Fulham ലയനം ചെയ്തു ഒരു വലിയ ക്ലബ് ആകാനുള്ള പ്ലാനും അദ്ദേഹം ഇട്ടു. London FC എന്ന പേരും നിർദ്ദേശിച്ചു. പക്ഷേ അതിന് കാര്യമായ പിന്തുണ കിട്ടിയില്ല.
അങ്ങനെ Woolwich Arsenal FC 1913ല് Highbury സ്റ്റേഡിയത്തിലേക്ക് മാറി. പക്ഷേ Woolwich എന്ന നാമം മാറ്റുകയും പിന്നീട് Arsenal എന്ന് അറിയപ്പെടുകയും ചെയ്തു . 2006 വരെ നമ്മൾ Highburyല് കളിച്ചു.
Highbury – In Pictures
Highbury യുടെ സവിശേഷതകൾ, പ്രശ്നങ്ങൾ
ചിലർ എങ്കിലും ഇപ്പൊ ചിന്തിച്ചു കാണും, ഞാൻ എന്തിനാണ് മുകളിൽ ഇത്രേം ഫോട്ടോസ് കാണിച്ചത് എന്ന്. ഒരു സ്റ്റേഡിയം ക്ലബിന് എത്ര മാത്രം പ്രധാനം ആണെന്ന് കാണിക്കാൻ ആണിത്. പ്രത്യേകിച്ച് Highbury യുടെ സ്ഥാനം നമുക്കും, ഇംഗ്ലീഷ് ഫുട്ബോളിനും എത്ര മാത്രം വിലയുള്ളത് ആണെന്ന് മനസ്സിലാക്കാൻ. 1886ല് വല്ലവരുടെയും ഗ്രൗണ്ടിൽ കളിച്ചു തുടങ്ങി 1913ല് പാപ്പർ ആയ ഈ ക്ലബിന്, അന്ന് വരെ ഒരു കിരീടം പോലും ഇല്ലാതെ ഇരുന്ന നമുക്ക്, Highbury എന്ന സ്റ്റേഡിയം കൊണ്ട് വന്നത് ഒരുപാട് ചരിത്ര മുഹൂർത്തങ്ങൾ ആണ്.
ഈ 93 വർഷം ഈ സ്റ്റേഡിയം ഒരുപാട് ചരിത്ര മുഹൂർത്തങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഫുട്ബോൾ കൂടാതെ സമ്മർ ഒളിമ്പിക്സ്, ബോക്സിംഗ്, ബൈസ് ബോൾ, ക്രിക്കറ്റ് ഒക്കെ ഇവിടെ കളിച്ചിട്ടുണ്ട്.
ഈ സ്റ്റേഡിയത്തിൻ്റെ സാന്നിധ്യം കാരണം 1932ല് ലണ്ടനിലെ അണ്ടർഗ്രൗണ്ട് സ്റ്റേഷന് Arsenal എന്ന് പേര് ഇടുകയും ചെയ്തു. നാളിതുവരെയും ലോകത്തിലെ വേറൊരു അണ്ടർഗ്രൗണ്ട് സ്റ്റേഷനും ഒരു ഫുട്ബോൾ ക്ലബ്ബിൻറെ പേര് ഇതുവരെ കിട്ടിയിട്ടില്ല .. Arsenal അല്ലാതെ.
1930ല് ലോകത്തിലെ മികച്ച ഫുട്ബോൾ ക്ലബ്, 1971 വരെ ഇംഗ്ലണ്ടിലെ ഏറ്റവും കിരീടങ്ങൾ ഉള്ള ക്ലബ്, ലോകത്തിലെ ആദ്യത്തെ റേഡിയോ ബ്രോഡ്കാസ്റ്റിംഗ് നടന്നത്, ആദ്യത്തെ ലൈറ്റിൽ നടന്ന മൽസരം, ജേഴ്സി നമ്പർ അണിഞ്ഞു ആദ്യം ഇറങ്ങിയത് ഇവിടെ, ആദ്യത്തെ ഫുട്ബോൾ വീഡിയോ ടെലിവിഷൻ സംപ്രേക്ഷണം, ഇംഗ്ലണ്ടിൽ ആദ്യം അണ്ടർഗ്രൗണ്ട് ഹീറ്റിങ് കൊണ്ടുവന്ന സ്റ്റേഡിയം, ഒരു സമയത്ത് മറ്റുള്ള സ്റ്റേഡിയം മഞ്ഞ് കാലത്ത് സ്റ്റേഡിയം മഞ്ഞ് കൊണ്ട് നിറയുമ്പോൾ മൽസരം മാറ്റി വെക്കുമ്പോൾ, നമ്മൾ കളിയും ആയി മുന്നോട്ട് പോയ കാലം. 1913ല് പണം ഇല്ലാതെ കഷ്ടപ്പെട്ട ഈ ക്ലബ്, 1930 കളോടെ ഇംഗ്ലണ്ടിലെ ഏറ്റവും മികച്ച സ്റ്റേഡിയം പണിതു!
മറ്റു ക്ലബിലെ പല കളികാരും അവർക്ക് Highbury ഒരുക്കിയ സൗകര്യങ്ങളിൽ വളരെ ആശ്ചര്യം ഉണ്ടായിരുന്നു. മിഡിൽസ്ബറോ സ്ട്രൈക്കർ വിൽഫ് മന്നിയൻ ൻ്റെ വാക്കുകൾ ചുവടെ:
The dressing rooms in the East Stand were beautiful — the marble baths, the under-tile heating. It was pure luxury. You have to remember that this was in an era when a lot of clubs would deliberately leave the heating off in winter, or turned it up high in the summer to unsettle you.It said so much for the Arsenal that they provided for your every need. I’ll always remember the white towels laid out for us after games, and even the beer and sandwiches afterwards were of the highest quality. Arsenal had the class to treat all opponents as equals.
ലോകോത്തര ബോക്സിങ് താരം മുഹമ്മദ് അലിയെ Highbury യിൽ വെച്ച് നേരിട്ടപ്പോൾ പറഞ്ഞത് “these footballers have got it cushty…”
ഇതെല്ലാം കേട്ട് കഴിഞ്ഞാൽ നമ്മുടെ മനസ്സിൽ സ്വാഭാവികമായി ഒരു ചോദ്യം ഉദിക്കും
ഇത്രയും ചരിത്രപരവും, ഇത്രയും ഭംഗിയും ഉള്ള ഒരു സ്റ്റേഡിയം എന്തിനാണ് നമ്മൾ വേണ്ട എന്ന് വെക്കുന്നത് എന്ന്.
അതുകൊണ്ടുതന്നെ ഇനിയുള്ള ഭാഗങ്ങളിൽ എന്തുകൊണ്ടാണ് എമിറേറ്റ്സ് സ്റ്റേഡിയം എന്ന ആശയം വിരിഞ്ഞത് എന്ന് നമുക്ക് നോക്കാം.
Highbury സ്റ്റേഡിയത്തിൻ്റെ മൊത്തം കപ്പാസിറ്റി 58,000 ആയിരുന്നു. പക്ഷേ 1994 അത് 38,000 ആയി വെട്ടി ചുരുക്കി. ടൈലർ റിപ്പോർട്ട് പഠനം അനുസരിച്ച് ആണ് ഈ വെട്ടിച്ചുരുക്കൽ നടന്നത്.
പക്ഷേ ടൈലർ റിപ്പോർട്ട് നടത്താൻ ഉണ്ടായ സാഹചര്യം നമുക്ക് പരിശോധിക്കാം.
1980കളിൽ മൂന്ന് സ്റ്റേഡിയം അപകടങ്ങൾ യൂറോപ്പിൽ നടന്നു. ഒന്ന് ബ്രാഡ്ഫോർഡ് സ്റ്റേഡിയം, പിന്നെ ഹെയ്സൽ സ്റ്റേഡിയം, ഒടുവിൽ ഹിൽസ്ബോറോ. ബ്രാഡ്ഫോർഡ് സിറ്റി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ തീപിടുത്തം കാരണം 58 പേർ മരിക്കുകയുണ്ടായി. ലിവർപൂൾ യുവൻ്റസ് മത്സരം നടന്ന ഹെയ്സൽ സ്റ്റേഡിയത്തിൽ ഇതേപോലെ തന്നെ മതിൽ തകർന്നു ഒരുപാട് പേർ മരണമടയുകയുണ്ടായി. ഒടുവിൽ 1989 ഹിൽസ്ബോറോയിൽ ലിവർപൂൾ നോട്ടിങ്ഹാം മത്സരത്തിനിടെ സ്റ്റേഡിയം സ്റ്റാൻഡ് തകർന്നുവീണു 97 പേർ മരിക്കുകയുണ്ടായി. ഈ മൂന്നു ട്രാജഡി കഴിഞ്ഞപ്പോൾ മരണനിരക്ക് ഏകദേശം 200 .. 1000 പേർക്ക് പരിക്ക് പറ്റുകയും ചെയ്തു.
ഈ സാഹചര്യത്തിൽ ടൈലർ റിപ്പോർട്ട് അപകടങ്ങൾ പഠിച്ചു ഒരുപാട് നിർദ്ദേശങ്ങൾ മുന്നോട്ട് വെച്ചു. അതിൽ നമുക്ക് പണി കിട്ടിയത് സ്റ്റേഡിയം സീറ്റുകളുടെ എണ്ണം കുറക്കാൻ പറഞ്ഞത് ആയിരുന്നു.
ഉയർച്ചയിൽ നിന്ന് ക്ലബ്ബിനെ താഴെയിട്ട ഇടിയുന്ന സ്റ്റേഡിയം വരുമാനം
80 കളുടെ അവസാനവും , തൊണ്ണൂറുകളുടെ തുടക്കത്തിൽ നല്ലനിലയിൽ പോയിക്കൊണ്ടിരിക്കുന്ന നമുക്ക് സ്റ്റേഡിയം കപ്പാസിറ്റി കുറഞ്ഞപ്പോൾ അതു സാമ്പത്തികമായി നല്ല ആഘാതം ആയിരുന്നു.
ടിക്കറ്റ് റേറ്റ് കൂട്ടിയും ബോണ്ട് സ്കീമുകൾ വഴിയും, സീസൺ ടിക്കറ്റുകൾ കൊണ്ടുവന്നു നമ്മൾ അത് മറികടക്കാൻ ശ്രമിച്ചെങ്കിലും അതിന് വിപരീതഫലമാണ് ഉണ്ടായത്.
ഇതേ സമയം ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് മൂന്നു വർഷത്തിൽ അവരുടെ സ്റ്റേഡിയം വരുമാനം ഇരട്ടിയാക്കിയത്.
1994ലെ സ്റ്റേഡിയം ടിക്കറ്റ് വരുമാനത്തിൽ നിന്ന് 44 മില്ല്യൻ പൗണ്ട് ഉണ്ടായിരുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് 1997 ആയപ്പോഴേക്കും ആ വരുമാനം 88 മില്ല്യൻ പൗണ്ടായി.
ഏതൊരു ക്ലബ്ബിനു൦ ഇടിയുന്ന വരുമാനം ഒരു മുന്നോട്ടുള്ള വളർച്ചയ്ക്ക് വിലങ്ങു തടിയാണ്. അതുകൊണ്ട് ഈ പ്രശ്നം പരിഹരിക്കാൻ ഉള്ള തിടുക്കം കൂടി.
പ്രശ്നപരിഹാര നിർദ്ദേശങ്ങൾ
Highbury വിപുലീകരിച്ച് 48,000 കപ്പാസിറ്റി ഉള്ള ഒരു സ്റ്റേഡിയം ആയി മാറ്റാൻ ശ്രമിച്ചെങ്കിലും ഇസ്ലിങ്ടൻ കൗൺസിൽ അതിന് അനുമതി നൽകിയില്ല.
അടുത്ത ഓപ്ഷൻ ആയിട്ട് നമ്മൾ വച്ചിരുന്നത് വെംബ്ലി സ്റ്റേഡിയം മേടിക്കാം എന്നുള്ളതായിരുന്നു പക്ഷേ അതിനും നമുക്ക് പറ്റിയില്ല. രസം എന്തെന്ന് വെച്ചാൽ ഒരു തെറ്റിദ്ധാരണ കാരണം ആണ് ഈ ശ്രമം പരാജയപ്പെടാൻ കാരണം ആയതു. ഒരു ക്ലബ് വെംബ്ലി സ്റ്റേഡിയം മെടിച്ചാൽ 2006 വേൾഡ് കപ്പ് ബിഡ് നെ അതു സാരമായി ബാധിക്കും എന്ന തെറ്റിദ്ധാരണ. ഫിഫ തന്നെ അത് തെറ്റാണെന്ന് പിന്നെ പറയുകയുണ്ടായി.
ഇനി ആകെ ഉള്ള ഒരു പ്രതിവിധി സ്റ്റേഡിയം പണിയൽ ആണ്. അതുകൊണ്ടുതന്നെ 1997 ഒരു പുതിയ സ്റ്റേഡിയം പണിയാനുള്ള ഒരുക്കങ്ങൾ നമ്മൾ ആരംഭിച്ചു
ഈ സമയത്താണ് Arsene Wenger വരികയും നമ്മൾ പ്രീമിയർ ലീഗ് ചാമ്പ്യൻസ് ആവുകയും ചെയ്തത്.
1998 1999 സീസണുകളിൽ ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾ നമുക്ക് വെംബ്ലി സ്റ്റേഡിയത്തിൽ നടത്തേണ്ടിവന്നു കാരണം Highbury സ്റ്റേഡിയത്തിന് കപ്പാസിറ്റി കുറവായതുകൊണ്ട്. 74,000 വരെ ആയിരുന്നു ചില മത്സരങ്ങളിൽ നമ്മുടെ അറ്റൻഡൻസ്.. ഇത് Highbury യുടെ ഏകദേശം രണ്ടു ഇരട്ടി ആണ് എന്ന് ഓർക്കണം.
ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ നിന്നും നമുക്ക് കിട്ടിയ വരുമാനം ഒന്നുകൂടി പുതിയ സ്റ്റേഡിയത്തിന് ആവശ്യകത നമ്മളെ ബോധ്യപ്പെടുത്തി.
പുതിയ സ്റ്റേഡിയം – മുന്നൊരുക്കങ്ങൾ
Highbury എന്ന സ്റ്റേഡിയത്തിന് പ്രശ്നം ടിക്കറ്റ് സെയിൽസിൽ മാത്രം ഒതുക്കി നിൽക്കുന്നത് ആയിരുന്നില്ല – കോർപ്പറേറ്റ് ഫെസിലിറ്റീസ്, ഡ്രസ്സിംഗ് റൂമുകളും മറ്റ് ഇൻഫ്രാസ്ട്രക്ച്ചർ എല്ലാം പഴയതായിരുന്നു.
ആഴ്സനൽ പോലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മുൻനിരയിലുള്ള യൂറോപ്പിലും കളിച്ചുതുടങ്ങിയ ഒരു ക്ലബ്ബിന് ഇങ്ങനത്തെ ഫെസിലിറ്റീസ് ഉള്ള ഒരു സ്റ്റേഡിയം ശരിക്കും പറഞ്ഞാൽ ഒരു പോരായ്മ തന്നെയായിരുന്നു.
ആഴ്സനൽ മാനേജർ ആകുന്നതിന് മുൻപ് ഒരു പ്രാവശ്യം Highbury യിൽ David Dein ൻ്റെ ക്ഷണം സ്വീകരിച്ച് കളി കാണാൻ വന്ന Arsene Wenger സ്റ്റേഡിയം കണ്ട് അമ്പരന്ന് പോയിട്ടുണ്ട്. ഇത്രയും വലിയൊരു ക്ലബ്ബിന് റോഡ് സൈഡിൽ തന്നെ ഒരു ചെറിയ സ്റ്റേഡിയം കണ്ട് അമ്പരന്ന് പോയ ഒരു കഥ!
അതേപോലെതന്നെ ആഴ്സനൽ ട്രെയിനിങ് ഫെസിലിറ്റീസ് , മറ്റു സൗകര്യങ്ങളും, പല മുഖ്യധാര യൂറോപ്യൻ ഗ്രൂപ്പുകളെ അപേക്ഷിച്ച് വളരെ പരിതാപകരമായിരുന്നു.
ഒരുപക്ഷേ ആർസനൽ എന്ന ഫുട്ബോൾ ക്ലബ് അവരുടെ ചരിത്രത്തിൽ ഏറ്റെടുത്ത ഏറ്റവും കാഠിന്യം ആയിട്ടുള്ള ഒരു കർത്തവ്യം ആയിരിക്കും എമിറേറ്റ്സ് സ്റ്റേഡിയം പണിയുക എന്നുള്ളത്. പ്ലാനിംഗ് മീറ്റിംഗിൽ നടന്ന ഒരു രസകരമായ കാര്യം ആണ് ഇങ്ങനെ ഒരു നിഗമനത്തിൽ എത്താൻ ഉള്ള കാരണം.
സ്റ്റേഡിയത്തിൻ്റെ പ്ലാനിങ് മീറ്റിംഗിൽ ആഴ്സനൽ ഡയറക്ടേഴ്സ്, ബോർഡ്, പ്രത്യേകിച്ച് എന്തെങ്കിലും ആവശ്യമോ, നിബന്ധനയോ, എന്തിന് നിർദ്ദേശങ്ങളോ ഒന്നും പറയാത്ത കാര്യം പ്ലാനിങ് സൂപ്പർവൈസർ ആയ AYH PLC യെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.
Arsene Wenger തന്നെ ക്ലബ്ബിൻറെ ചരിത്രത്തിൽ Herbert Chapman നെ നിയോഗിച്ച ശേഷം ക്ലബ് എടുക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു തീരുമാനം ആയിരിക്കും എമിറേറ്റ്സ് സ്റ്റേഡിയം എന്ന് പറഞ്ഞിട്ടുണ്ട്.
സ്റ്റേഡിയം പണിയാനുള്ള സ്ഥലം കണ്ടെത്തുക
ഈ പ്രൊജക്ടിന് ഏറ്റവും വലിയ കടമ്പ എന്നുള്ളത് നോർത്ത് ലണ്ടനിൽ തന്നെ Highbury ക്ക് അടുത്ത് ഒരു സ്റ്റേഡിയം പണിയാനുള്ള സ്ഥലം കണ്ടെത്തുക എന്നുള്ളതായിരുന്നു. ഭാഗ്യത്തിന് Ashburton Grove എന്ന ഒരു വ്യവസായ സ്ഥലം മെടികാൻ പറ്റിയതും അവിടെ സ്റ്റേഡിയം പണിയാനുള്ള അനുമതി കിട്ടുകയും ചെയ്തു.
ഇതിനോട് അനുബന്ധിച്ച് ഈ വ്യവസായ സ്ഥലം മാറ്റി സ്ഥാപിക്കാൻ ഉള്ള ചിലവും പിന്നെ Highbury housing കോംപ്ലക്സ് പ്രോജക്ട് ഫണ്ടിംഗ് എന്നിവ നമ്മൾ തന്നെ മുൻകൈയെടുത്തു ചെയ്തു.
ഈ പ്രവർത്തനതിൻ്റെ ഭാഗമായി ആഴ്സനൽ 1800 പുതിയ തൊഴിൽ അവസരങ്ങൾ അവിടുത്തെ കമ്മ്യൂണിറ്റിക്ക് വാഗ്ദാനം ചെയ്തു, പിന്നെ 2300 പുതിയ വീടുകളുടെ ഫണ്ട് സ്വരൂപിക്കാൻ ആഴ്സനൽ തന്നെ നേതൃത്വം നൽകി.
അഭിമൂകരിച്ച പ്രശ്നങ്ങൾ
മുകളിൽ പറഞ്ഞ കാര്യങ്ങളിൽ പലതും കേൾക്കുമ്പോൾ നമുക്ക് തോന്നും അവിടെ ഉള്ള കമ്മ്യൂണിറ്റി മുഴുവൻ നമുക്ക് മുഴുവൻ പിന്തുണ നൽകി എന്ന്. പക്ഷേ അതല്ലായിരുന്നു വാസ്തവം!
Islington stadium communities alliance (ISCA) – ഇത് ഒരു 16 ഗ്രൂപ്പ്സ് ചേർന്നുള്ള ലോക്കൽ റെസിഡൻസ്, ബിസിനെസ്സ് ഗ്രൂപ്പ് ഒക്കെ ചേർന്നുള്ള ഒരു കൂട്ടായ്മ ആണ്. ഇവർ ഈ സ്റ്റേഡിയം പ്ലാനിന് മൊത്തം എതിർപ്പ് ആയിരുന്നു. നമ്മൾ മുന്നോട്ട് വെച്ച റീ ഡെവലപ്പ്മെൻ്റ് പ്ലാൻ അവർക്ക് ഇഷ്ടപ്പെട്ടില്ല, പോരായ്മകൾ ഉണ്ടെന്ന് വാദിച്ചു.
ഒരു 2000 പേരുടെ സർവേ നടത്തിയപ്പോൾ 75% പേരും പ്ലാൻ സപ്പോർട്ട് ചെയ്തില്ല. ഇത് മുന്നോട്ടുള്ള പാതയിലേക്ക് വിലങ്ങ് ആകുമെന്ന് കരുതിയ നിമിഷം. ഇതിൻ്റെ എല്ലാം പിന്നിൽ കളിച്ചത് Tottenham Hotspur ഫാൻസ് ആയിരുന്നു എന്നുള്ളത് ഒരു വാസ്തവം. ചില റിപ്പോർട്ട് പ്രകാരം Chelsea ഫാൻസും അവരെ സപ്പോർട്ട് ചെയ്തു എന്നും പറയുന്നുണ്ട്.
ഒരു ശ്രദ്ധേയമായ കാര്യം, ഈ സംഭവവികാസങ്ങൾ എല്ലാം നടക്കുന്നത് 2001 സെപ്റ്റംബർ മുതൽ ഡിസംബർ വരെ ഉള്ള കാലയളവിലാണ്. നമുക്കെല്ലാവർക്കും അറിയാം ആ സീസൺ നമ്മൾ പ്രീമിയർ ലീഗ് ടൈറ്റിൽ എടുക്കുകയും എഫ്എ കപ്പ് അടിച്ചു സീസൺ നമ്മൾ ഡബിൾ നേടുകയും ചെയ്തു
പക്ഷേ സീസൺ തുടക്കം എത്ര സുഖകരം ആയിരുന്നില്ല. അത് പോരാഞ്ഞിട്ട് വേനൽ കാല ട്രാൻസ്ഫർ സീസണിൽ സൈൻ ചെയ്ത കളിക്കാർ ഒന്നും പ്രതീക്ഷക്കൊത്ത് ഉയർന്നില്ല. ഇരുട്ടു അടിയായി Arsene Wenger ൻ്റെ ഭാവിയെ പറ്റിയുള്ള അനിശ്ചിതത്വം.
75% പേരുടെ എതിർപ്പിൽ നിന്ന് 70% അനുകൂലമാക്കി കഥ!
എതിർപ്പുകൾ ഒന്നും അധികം നാൾ നീണ്ടു നിന്നില്ല. പിന്നീട് നടന്ന സർവേയിൽ 70% ആളുകൾ സ്റ്റേഡിയം പദ്ധതിക്ക് അനുകൂലമായി വോട്ട് ചെയ്തു. ലണ്ടൻ മേയറും, Islington കൗൺസിലും അംഗീകാരം നൽകിയതോടെ ആദ്യ കടമ്പ കഴിഞ്ഞു.
അങ്ങനെ Islington stadium communities alliance (ISCA) നേതൃത്വത്തിൽ ഉയർന്നുവന്ന പ്രതികൂലമായ സ്വരങ്ങൾ എല്ലാം നിന്നു. അവർക്ക് Tottenham hotspurs ഫാൻസ് കൊടുത്ത പിന്തുണ എല്ലാം വെറുതെ ആയി പ്രതിസന്ധികൾ എല്ലാം തരണം ചെയ്തു നമ്മൾ മുന്നോട്ട്.
അനുകൂലമായ സാഹചര്യം പദ്ധതിയുടെ കാര്യത്തിൽ മാത്രമല്ല, നമ്മുടെ മൽസരങ്ങളിലും പ്രതിഫലിച്ചു. ഈ സമയത്താണ് manutd, liverpool, Juventus എന്നീ വമ്പന്മാരായ ടീമുകളെ നമ്മൾ തോൽപിച്ചത്. ഇത് നമ്മുടെ ടൈറ്റിൽ റേസിന് നൽകിയ ഊർജം ചെറുതല്ല.
പക്ഷേ എങ്ങനെ ആണ് പ്രതികൂലമായ സാഹചര്യം അനുകൂലമാക്കി മാറ്റിയത്?
പദ്ധതിക്ക് പിന്തുണ നേടുന്നതിൽ മുഖ്യ പങ്ക് വഹിച്ചത് “Let Arsenal Support Islington” എന്ന കാമ്പയിൻ ആണ്. ക്ലബ് മാനേജ്മെൻ്റും, Arsene Wengerum, കളിക്കാരും എല്ലാം ഈ കാമ്പയിൻ വിജയിപ്പിക്കുന്നതിന് മുന്നിട്ടു ഇറങ്ങി. ആദ്യമായി ആയിരിക്കും ഇംഗ്ലണ്ടിൽ അല്ലെങ്കിൽ ലോകത്ത് തന്നെ ഈ തരത്തിൽ ഒരു കാമ്പയിൻ സ്റ്റേഡിയം പണിക്ക് സപ്പോർട്ട് കിട്ടാൻ ചെയ്യേണ്ടി വരുന്നത്!
ആഴ്സനൽ മാനേജ്മെൻ്റ് അതിൻ്റെ ഇടയിൽ ഒരു പ്രസ്താവന ഇറക്കുകയും ചെയ്തു – പദ്ധതിക്ക് അനുമതി കിട്ടാൻ ഇത്രേം ബുദ്ധിമുട്ട് പ്രതീക്ഷിച്ചിരുന്നില്ല, അറിയാമായിരുന്നു എങ്കിൽ ഒരിക്കലും ഈ പദ്ധതി ആയി മുന്നോട്ട് പോകില്ലായിരുന്നൂ എന്ന്!
തീർച്ചയായും ആ ഒരു കാലഘട്ടത്തിൽ ഒരു ഇംഗ്ലീഷ് ക്ലബ് അന്നുവരെ നേരിട്ട ഏറ്റവും തീക്ഷണം ആയ ഒരു കടമ്പ ആണിത്. അതിൻ്റെ ഒരു അംശം മാത്രം ആണ് ഇതുവരെ പറഞ്ഞതും, ഇനിയും ഉണ്ട് ഒട്ടേറെ! അങ്ങനെ ആകൃതിയും, പൊതുവേ കണ്ടിട്ടില്ലാത്ത പ്രോജക്ട് കാര്യങ്ങളും ഒക്കെ ആയി ഈ പദ്ധതി എങ്ങനെ മുന്നോട്ട് പോയെന്ന് അടുത്ത ഭാഗത്ത് വായിക്കാം!!
തുടരും…..