ലീഡ്സ് യുണൈറ്റഡ് മാച്ച് പ്രിവ്യൂ
- 796 Views
- aksceditor
- August 23, 2025
- Tactics & Match Analysis
ആഴ്സണലിന്റെ ഈ സീസണിലെ ആദ്യ ഹോം ഗെയിമിൽ ലീഡ്സ് യുണൈറ്റഡാണ് എതിരാളികൾ. ഓൾഡ് ട്രാഫോർഡിൽ പൊരുതി നേടിയ 3 പോയിന്റ്സിന്റെ ആത്മവിശ്വാസവുമായാണ് താരതമ്യേന ദുർബലരായ ലീഡ്സ് യുണൈറ്റഡിനെ എമിറേറ്റ്സിൽ നേരിടാൻ ഗണ്ണേഴ്സ് ഒരുങ്ങുന്നത്.
ഇംഗ്ലീഷ് ഫുട്ബോളിലെ ലോവർ ലീഗായ ചാമ്പ്യൻഷിപ്പിലെ ജേതാക്കളായാണ് ലീഡ്സ് യുണൈറ്റഡിന്റെ പ്രീമിയർ ലീഗിലേക്കുള്ള വരവ്. ആദ്യ കളിയിൽ അവർ എവർട്ടനെ എല്ലൻഡ് റോഡിൽ വെച്ച് ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി. സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ഇത് വരെ 92 മില്യൺ പൗണ്ട് ചെലവഴിച്ച് 9 പുതിയ കളിക്കാരെയാണ് ലീഡ്സ് അവരുടെ സ്വന്തം പാളയത്തിൽ എത്തിച്ചിരിക്കുന്നത്. മുൻ എവർട്ടൺ സ്ട്രൈക്കർ ആയിരുന്ന ഡൊമിനിക് കാൽവെർട്ട് ലൂവിൻ ഫ്രീ ഏജന്റായി ലീഡ്സിൽ ജോയിൻ ചെയ്തതും അവരുടെ ആക്രമണ നിരക്ക് കരുത്ത് കൂട്ടും. 2003-ലെ ടെറി വെനേബിൾസിന്റെ ലീഡ്സ് ടീമിന് ശേഷം അവർ ഇത് വരെ പ്രീമിയർ ലീഗിലെ തുടർച്ചയായി ആദ്യത്തെ 2 മത്സരങ്ങൾ വിജയിച്ചിട്ടില്ല. അതേ ലീഡ്സ് ടീമാണ് ആഴ്സണലിന്റെ ഹോമിൽ അവസാനമായി വിജയിച്ചത്. മാർക്ക് വിഡൂക്കയുടെ ലേറ്റ് ഗോളായിരുന്നു അന്ന് അവർക്ക് 3-2 വിജയം സമ്മാനിച്ചത്. ഇതിന് ശേഷമുള്ള കളികൾ മുതലാണ് 49 മത്സരങ്ങൾ തുടർച്ചയായി പരാജയം അറിയാതെയുള്ള ആഴ്സണലിന്റെ ജൈത്രയാത്ര ആരംഭിച്ചത്.
*ടീം ന്യൂസ്*
ആർട്ടെറ്റ തന്റെ പ്രസ് കോൺഫറൻസിൽ പറഞ്ഞത് കളിക്കാർ എല്ലാവരും ആദ്യത്തെ ഹോം ഗെയിമിന് വേണ്ടി ആവേശഭരിതരാണെന്നാണ്. അത് ഒരു പ്രത്യേക ഊർജ്ജം തന്നെ സ്റ്റേഡിയത്തിൽ നിറയ്ക്കും. എനിക്കുറപ്പാണ് നമ്മുടെ ആരാധകരും അതിന് വേണ്ടി അക്ഷമരായി കാത്തിരിക്കുകയായിരുന്നു. ടീമും ആരാധകരുമായുള്ള ആ സ്പെഷ്യൽ കണക്ഷൻ തീർച്ചയായും മിസ്സ് ചെയ്തിരുന്നു. കളിയുടെ ആദ്യ വിസിൽ മുതൽ തന്നെ ടീം അത് പിച്ചിൽ പ്രകടമാക്കുമെന്നും നമ്മൾക്കെല്ലാവർക്കും നല്ലൊരു കളി കാണാൻ സാധിക്കുമെന്നും ആർട്ടെറ്റ കൂട്ടിച്ചേർത്തു.
കാൽമുട്ടിന് പരിക്കേറ്റ കൈ ഹാവെർട്സ് ആഴ്സണൽ മാച്ച്ഡേ സ്ക്വാഡിൽ ഉണ്ടാകില്ല. ഹാവെർട്സിന്റെ പരിക്ക്, ടാക്കിൾ കാരണം അല്ല, മറിച്ച് ഫിസിക്കൽ ലോഡ് കൊണ്ടുണ്ടായതാണെന്നാണ് ആർട്ടെറ്റ അഭിപ്രായപ്പെട്ടത്. ഓപ്പൺ ട്രെയിനിംഗ് സെഷൻ മിസ് ആയ ബെൻ വൈറ്റും കളിക്കുമോ എന്ന കാര്യത്തിൽ സംശയമാണ്.
ടോട്ടൻഹാമിൽ നിന്നും ട്രാൻസ്ഫർ ഹൈജാക്കിലൂടെ ആഴ്സണലിന് വേണ്ടി സൈൻ ചെയ്യാൻ തയ്യാറായിരിക്കുന്ന ക്രിസ്റ്റൽ പാലസ് താരം എബെറെച്ചി എസെ ലീഡ്സിന് എതിരെയുള്ള കളിയിൽ മാച്ച്ഡേ സ്ക്വാഡിൽ ഉണ്ടാകില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയുടെ ഡെഡ്ലൈനിന് മുന്നേ സൈനിംഗ് നടപടികൾ പൂർത്തിയാക്കാത്തത് കൊണ്ടാണ് ഇത്.
*കളിശൈലി*
ലീഡ്സ് യുണൈറ്റഡ് ചാമ്പ്യൻഷിപ്പിൽ 4-2-3-1 ശൈലിയിലാണ് കളിച്ച് കൊണ്ടിരുന്നത്. പക്ഷേ എവർട്ടന് എതിരെ 4-3-3 ശൈലിയിലേക്ക് മാറിയതായി കാണാം. മിഡ്ഫീൽഡർമാർ 3 പേരും ക്രിയേറ്റിവിറ്റിയിലും ക്ഷമയോടെയുള്ള ബിൽഡ്അപ്പിലും ഊന്നൽ നൽകാതെ ഫിസിക്കാലിറ്റിയിലും വേഗതയിൽ ഗ്രൗണ്ട് കവർ ചെയ്ത് എതിരാളികൾക്ക് മിഡ്ഫീൽഡിൽ ബോൾ കൊണ്ട് നീക്കങ്ങൾ മെനഞ്ഞെടുക്കാൻ അവസരം നിഷേധിക്കുകയും ചെയ്യുന്ന ഒരു കളിശൈലിയാണ് അവലംബിച്ചത്. എന്നിരുന്നാലും എവർട്ടന് എതിരെ ഉള്ള മത്സരത്തിൽ ലീഡ്സിന് 54% പൊസെഷൻ കൈവശം ഉണ്ടായിരുന്നു. അവരുടെ ഡിഫൻസീവ് ബാക്ക് 4 വേഗതയിൽ അല്പം പിന്നിലോട്ട് ആയത് കൊണ്ട് തന്നെ ആഴ്സണലിന് എതിരെ അവർ ഒരു ലോ ബ്ലോക്ക് സ്വീകരിക്കാനാണ് സാധ്യത. ഓൾ ആക്ഷൻ മിഡ്ഫീൽഡേഴ്സിനെ ഉപയോഗിച്ച് ആഴ്സണലിന്റെ പാസ്സിംഗ് റിഥവും ബിൽഡ്അപ്പിലൂടെ മൊമെന്റം സൃഷ്ടിക്കുന്നത് തടയാനും ആയിരിക്കും അവർ കൂടുതലായി ശ്രമിക്കുക.
ലീഡ്സിന്റെ ആക്രമണങ്ങൾ കൂടുതലും വിംഗുകൾ കേന്ദ്രീകരിച്ചുള്ളതാണ്. മൂർച്ചയേറിയ വൺ ടച്ച് പാസുകൾക്ക് ശേഷം എതിർ ഗോൾമുഖത്തേക്ക് പന്തുമായി പറന്നടുക്കുന്ന വിംഗർമാരായ വില്ലി ഗ്നോണ്ടോവും ഡാൻ ജെയിംസും ആണ് അവരുടെ ആക്രമണത്തിലെ കുന്തമുനകൾ. എങ്കിലും എവർട്ടന് എതിരെ ലഭിച്ച 7 ഗോൾസ്കോറിംഗ് അവസരങ്ങളിൽ 6 എണ്ണവും ഡെഡ് ബോൾ സാഹചര്യങ്ങളിൽ നിന്നായിരുന്നു.
*മാച്ച് ഫാക്ട്സ്*
പ്രീമിയർ ലീഗിലെ കഴിഞ്ഞ 6 സീസണുകളിലെ ആദ്യ 5 ഹോം ഗെയിംസിലും ആഴ്സണൽ വിജയിച്ചിട്ടുണ്ട്. ലീഡ്സാകട്ടെ കഴിഞ്ഞ 5 സീസണുകളിലും അവരുടെ ആദ്യ എവേ മത്സരം വിജയിച്ചിട്ടില്ല.
മിക്കേൽ ആർട്ടെറ്റ ആഴ്സണൽ മാനേജർ ആയതിന് ശേഷം നേരിട്ട എതിരാളികളിൽ വെച്ച് ഏറ്റവും കൂടുതൽ തവണ തോൽവി അറിയാത്തതും ലീഡ്സിനോട് തന്നെ. ആഴ്സണൽ ക്യാപ്റ്റൻ മാർട്ടിൻ ഒഡെഗാർഡിന്റെ 200-ാമത്തെ മത്സരമാണിത്. ഡെക്ലൻ റൈസിന് കഴിഞ്ഞ 12 ഹോം മത്സരങ്ങളിലായി 9 ഗോൾ ഇൻവോൾവ്മെന്റ് ഉണ്ട്. യുണൈറ്റഡിന് എതിരെ നിറം മങ്ങിയ പ്രകടനം കാഴ്ച വെച്ച റൈസിന് ഫോമിലേക്ക് തിരിച്ച് വരാൻ മികച്ചൊരു അവസരമായിരിക്കും ഇത്.
എവർട്ടന് എതിരെ അരങ്ങേറ്റ കളിയിൽ തന്നെ പെനാൽറ്റിയിലൂടെ ഗോൾ നേടിയ ലീഡ്സ് യുണൈറ്റഡ് ചരിത്രത്തിലെ രണ്ടാമത്തെ കളിക്കാരനാണ് ലൂക്കാസ് നെമെച്ച. 1922-ൽ പെർസി വിപ്പ് ആണ് ആദ്യമായി ഈ നേട്ടം കൈവരിച്ചത്.
ലീഡ്സ് യുണൈറ്റഡിന്റെ എമിറേറ്റ്സിലെ അവസാന മത്സരത്തിൽ ആഴ്സണൽ 4-1 ന് വിജയിച്ചിരുന്നു. ഏപ്രിൽ 2023-ൽ നടന്ന കളിയിൽ ഗബ്രിയേൽ ജീസസിന്റെ ഇരട്ട ഗോളുകളും ബെൻ വൈറ്റിന്റെയും ഗ്രാണിറ്റ് ഷാക്കയുടെയും ഗോളുകളുമാണ് ഗണ്ണേഴ്സിന് 3 പോയിന്റ്സ് സമ്മാനിച്ചത്.
എബെറെച്ചി എസെയുടെ കൂടി വരവിന് ശേഷം ആഴ്സണലിന് ഇപ്പോൾ നിശ്ചയമായും ഒരു ടൈറ്റിൽ വിന്നിംഗ് ടീം ഉണ്ടെന്നാണ് ഭൂരിപക്ഷം ആരാധകരും വിശ്വസിക്കുന്നത്. 7 പ്ലെയേഴ്സിനെ ഒറ്റ ട്രാൻസ്ഫർ വിൻഡോയിൽ സൈൻ ചെയ്തുകൊണ്ട് ആഴ്സണലിന്റെ ഓണർഷിപ്പും വളരെ മികച്ച പിന്തുണയാണ് മിക്കേൽ ആർട്ടെറ്റക്ക് നൽകിക്കൊണ്ടിരിക്കുന്നത്. ആദ്യത്തെ കളിയിലെ വിജയത്തിലൂടെ ലഭിച്ച മൊമെന്റവും ട്രാൻസ്ഫർ വിൻഡോയിലെ മികച്ച നീക്കങ്ങൾ കൊണ്ട് കിരീടപ്രതീക്ഷകൾക്ക് ലഭിച്ച വർധിത വീര്യത്തിന്റെ പിന്തുടർച്ചയായി നോർത്ത് ലണ്ടൻ സൺഷൈനിൽ ഒരു തകർപ്പൻ ആഴ്സണൽ പ്രകടനം തന്നെ പ്രതീക്ഷിക്കാം.
Written By
നോർത്ത് ലണ്ടൻ ഫോറെവർ
ആഷ്ബർട്ടൻ ഗ്രോവിലെ ആരവങ്ങളിൽ ഹൃദയത്തുടിപ്പുകൾ അലിഞ്ഞു ചേർന്ന ഒരു മലയാളി ഗൂണർ