ആഴ്സണൽ vs മാഞ്ചസ്റ്റർ സിറ്റി മാച്ച് റിവ്യൂ
- 402 Views
- നോർത്ത് ലണ്ടൻ ഫോറെവർ
- September 26, 2025
- Tactics & Match Analysis
പ്രീമിയർ ലീഗിലെ 5-ആം ഗെയിം വീക്കിൽ വമ്പന്മാരായ ആഴ്സണലും മാഞ്ചസ്റ്റർ സിറ്റിയും കൊമ്പുകോർത്തപ്പോൾ മത്സരം 1-1 സമനിലയിൽ പിരിഞ്ഞു. മാഞ്ചസ്റ്റർ സിറ്റിക്കു വേണ്ടി ആദ്യ പകുതിയിൽ എർലിങ് ഹാളണ്ടും ആഴ്സണലിനു വേണ്ടി പകരക്കാരനായി ഇറങ്ങിയ ഗബ്രിയേൽ മാർട്ടിനെല്ലിയും ഗോൾ മടക്കി.
കഴിഞ്ഞ 3 സീസണുകളിലും റണ്ണേഴ്സ് അപ്പായി ഫിനിഷ് ചെയ്ത ആഴ്സണൽ നിലവിലെ ചാമ്പ്യൻമാരായ ലിവർപൂളിനോട് ആൻഫീൽഡിൽ ആദ്യ പരാജയം രുചിച്ചതിനു ശേഷം മിഖേൽ അർട്ടെറ്റയുടെ പ്രതിരോധത്തിൽ ഊന്നിയുള്ള ഗെയിം പ്ലേ ചോദ്യം ചെയ്യപ്പെട്ടിരുന്നു.
അത് കഴിഞ്ഞുള്ള കളികളിൽ പ്രീമിയർ ലീഗിൽ നോട്ടിങ്ഹാം ഫോറസ്റ്റിനെയും, ചാമ്പ്യൻസ് ലീഗിൽ അത്ലറ്റിക് ബിൽബാവോയേയും പരാജയപ്പെടുത്തിയ ഗണ്ണേഴ്സ് തികഞ്ഞ ആത്മവിശ്വാസവുമായാണ് സിറ്റിയെ നേരിടാൻ ഇറങ്ങിയത്.
സിറ്റിയാകട്ടെ സീസന്റെ തുടക്കത്തിൽ നേരിട്ട 2 തോൽവികളിൽ നിന്നും കരകയറിക്കൊണ്ട് മാഞ്ചസ്റ്റർ ഡെർബിയിൽ യുണൈറ്റഡിനെയും ചാമ്പ്യൻസ് ലീഗിൽ നപ്പോളിയേയും പരാജയപ്പെടുത്തിയതിന് ശേഷമാണ് ഗണ്ണേഴ്സുമായി ഏറ്റുമുട്ടാൻ എത്തിയത്. ഈ സീസന്റെ തുടക്കം മുതൽ വളരെ പ്രകടമായിരുന്ന സിറ്റിയുടെ പ്രതിരോധത്തിലെ പഴുതുകൾ സമർത്ഥമായി മുതലെടുത്തുകൊണ്ടായിരുന്നു ടോട്ടൻഹാമും ബ്രൈറ്റണും നേരത്തെ അവർക്കെതിരേ വിജയക്കൊടി പാറിച്ചത്.
അത്ലറ്റിക് ബിൽബാവോയെ നേരിട്ട ടീമിൽ നിന്നും എസെയ്ക്ക് പകരം ട്രോസ്സാർഡ് അർട്ടെറ്റയുടെ ആദ്യ 11-ൽ ഇടം നേടിയപ്പോൾ. 4 വർഷങ്ങൾക്കു ശേഷമാണ് ആദ്യമായി ഗ്വാർഡിയോള തുടർച്ചയായ 3 കളികളിൽ ഒരേ സ്റ്റാർട്ടിങ് 11-നെ ഇറക്കിയത്.
തുടക്കത്തിൽ തന്നെ പന്തിൻമേൽ ആധിപത്യം സ്ഥാപിച്ച ആഴ്സണൽ മധ്യനിരയിൽ പാസ്സിങ് കോമ്പിനേഷനുകളിലൂടെ സിറ്റി പ്രതിരോധത്തിനെ പരീക്ഷിക്കാൻ ഉള്ള നീക്കങ്ങൾ മെനഞ്ഞെടുക്കാൻ ശ്രമിക്കുന്നതാണ് കണ്ടത്.
പക്ഷേ 9-ആം മിനിറ്റിൽ കളിയുടെ ഗതിക്കെതിരായി സിറ്റി ലീഡ് എടുക്കുകയായിരുന്നു. സ്വന്തം ഹാഫിൽ നിന്നും തനിക്ക് നേരെ പാഞ്ഞെത്തിയ ഒരു ലൂസ് ബോൾ ഹാളണ്ട് കൺട്രോൾ ചെയ്യാൻ ശ്രമിക്കുന്നതിനിടെ സുബിമെന്റിയുടെ കാലിൽ തട്ടിത്തെറിച്ച പന്ത് ആരാലും മാർക്ക് ചെയ്യപ്പെടാതെ നിന്ന റെയിൻഡേഴ്സിന് നൽകുമ്പോൾ ആഴ്സണലിന്റെ 3 താരങ്ങളുടെ കംബൈൻഡ് പ്രെസ്സിങ് ആയിരുന്നു ആ ഒരൊറ്റ നിമിഷം നിർവീര്യമായത്. റെയിൻഡേഴ്സ് പന്തുമായി പെനാൽറ്റി ബോക്സ് ലക്ഷ്യമാക്കി കുതിക്കുമ്പോൾ വലത് വശത്തുകൂടി ഹാളണ്ടിന്റെ സമർത്ഥമായ ഒരു ഓഫ് ദി ബോൾ റൺ. തിരിഞ്ഞോടിക്കൊണ്ടിരിക്കുന്ന ഗബ്രിയേലിന് റെയിൻഡേഴ്സ് ഹാളണ്ടിന് നൽകിയ കിറുകൃത്യമാ പാസ് തടയാൻ കഴിഞ്ഞില്ല. ബോക്സിനുള്ളിൽ തന്റെ റണ്ണിന്റെ ടൈമിങ്ങിനെ മാച്ച് ചെയ്ത പാസ് ലഭിച്ച ഹാളണ്ടിന് റായയെ കീഴടക്കാൻ ഉള്ള കടമ മാത്രമേ ഉണ്ടായിരുന്നുള്ളൂ. വലങ്കാൽ കൊണ്ടുള്ള ഒരു പ്ലേസ്മെന്റിലൂടെ ഹാളണ്ട് അത് ഭംഗിയായി പൂർത്തിയാക്കി.
പ്രതീക്ഷിക്കാത്ത ആഘാതത്തിൽ പതറിയ ആഴ്സണൽ പിന്നീട് താളം കണ്ടെത്താൻ വിഷമിക്കുന്നതാണ് കണ്ടത്. ഗോൾ നേടിയിട്ടും പ്രെസ്സിങ്ങിന്റെ കാഠിന്യം നിലനിർത്തിയ സിറ്റി ആഴ്സണൽ ബോക്സിനു തൊട്ടു മുന്നിലായി മെറിനോയിൽ നിന്ന് പന്ത് റാഞ്ചി എടുത്തെങ്കിലും അതൊരു ഗോൾ അവസരം ആക്കി മാറ്റാൻ കഴിഞ്ഞില്ല.
കളിയിൽ പതുക്കെ തിരിച്ചു വന്ന ആഴ്സണൽ പിന്നെ സിറ്റി ബോക്സിനുള്ളിലേക്ക് പന്ത് എത്തിക്കാൻ ഉള്ള പല വഴികളും പരീക്ഷിച്ചു നോക്കുന്നതാണ് കണ്ടത്. ഏറ്റവും കൂടുതൽ കണ്ട ഒരു ആക്രമണ മാതൃക ലെഫ്റ്റ് വിങ്ങിൽ റൈസും ട്രോസ്സാർഡും കലാഫിയോറിയും കൂടി കംബൈൻ ചെയ്തുകൊണ്ട്, റൈറ്റ് വിങ്ങിൽ മധുേവെക്കെക്ക് ലോങ് സ്വിച്ചിലൂടെ പെട്ടെന്ന് പന്ത് എത്തിക്കുന്നതായിരുന്നു. മധുേവെക്കെ തന്നെയായിരുന്നു ഈ കളിയിലും ആഴ്സണലിന്റെ ഏറ്റവും മികച്ച അറ്റാക്കിങ് ത്രെട്ട്. എതിർ ഫുൾബാക്കായ നിക്കോ ഒറെയ്ലിയെ തുടരെത്തുടരെ ഡ്രിബിൾ ചെയ്ത് മറികടന്ന മധുേവെക്കെ ബോക്സിലേക്ക് ലോ ഡ്രിവൺ ക്രോസുകൾ നൽകിയെങ്കിലും അതിന് കാൽ വെച്ചു കൊടുക്കാൻ പാകത്തിൽ ആഴ്സണലിന്റെ ഫോർവേഡുകൾ ആരും റണ്ണുകൾ നടത്തിക്കൊടുത്തില്ല.
ആഴ്സണലിന്റെ ആദ്യത്തെ ഗോൾ അറ്റംപ്റ്റ് പിറന്നത് തന്നെ 33-ആം മിനിറ്റിൽ ആയിരുന്നു. ഡെക്ലാൻ റൈസിന്റെ ഒരു ഹാഫ് സ്പേസ് ക്രോസ്സിൽ മധുേവെക്കയുടെ ഹെഡർ ഗോൾകീപ്പറെ ഒട്ടും ആശങ്കപ്പെടുത്താതെ പോസ്റ്റിനു പുറത്തേക്ക് പറന്നു പോയി.
ആഴ്സണൽ എതിർ പകുതിയിൽ പന്തിൻമേൽ ആധിപത്യം സ്ഥാപിച്ച് തുടർച്ചയായി ആക്രമണങ്ങൾ മെനഞ്ഞുകൊണ്ടിരിക്കവേ, പന്ത് തിരിച്ചു പിടിച്ചതിനു ശേഷം സിറ്റി അത് ലോങ് ഡിസ്റ്റൻസ് ക്ലിയറൻസുകൾ നടത്തി വീണ്ടും ആഴ്സണലിന് എളുപ്പത്തിൽ പന്തുമായി തങ്ങളുടെ പകുതിയിലേക്ക് തിരിച്ചെത്താൻ ഉള്ള അവസരം ഒരുക്കിക്കൊടുക്കുകയാണുണ്ടായത്. മുൻപ് കണ്ടു പരിചയിച്ച സിറ്റി ടീമുകളിൽ നിന്നും വളരെ വ്യത്യസ്തമായിരുന്നു പന്ത് പിടിച്ചെടുത്തതിനു ശേഷമുള്ള അവരുടെ ഈ ലോങ് ക്ലിയറൻസുകൾ. കണ്ണഞ്ചിപ്പിക്കും വേഗതയിൽ കൗണ്ടർ അറ്റാക്കുകൾ നടത്തിക്കൊണ്ട് എതിരാളികളെ വരിഞ്ഞുമുറുക്കാറുള്ള മാഞ്ചസ്റ്റർ സിറ്റി തന്നെയാണോ ഇത് എന്ന് തോന്നിപ്പിക്കുംവിധമായിരുന്നു അവരുടെ ബോൾ റിക്കവറിക്ക് ശേഷമുള്ള ഗെയിം പ്ലേ.
മധുേവെക്കെയിലൂടെ റൈറ്റ് വിങ്ങിൽ നിന്നും സൃഷ്ടിക്കുന്ന ആക്രമണങ്ങളിൽ നിന്നും തുടരെത്തുടരെ കോർണറുകൾ ലഭിക്കുന്നുണ്ടെങ്കിലും ഡൊണറുമ്മ എന്ന അതികായൻ അവയിലോരോന്നും ശക്തമായ പഞ്ചുകൾ കൊണ്ട് ബോക്സിനു പുറത്തേക്ക് ക്ലിയർ ചെയ്യുകയായിരുന്നു. ബോക്സിനുള്ളിൽ ഓപ്പൺ പ്ലേയിലൂടെ അവസരങ്ങൾ സൃഷ്ടിക്കാൻ ബുദ്ധിമുട്ടുമ്പോൾ ആഴ്സണലിന് തുണയാകാറുള്ള സെറ്റ് പീസ് ടാക്റ്റിക്സ് ഉം ഒട്ടും ഫലം കാണാതെ പോകുന്ന അവസ്ഥയാണ് ആദ്യ പകുതിയുടെ ഒരു സംക്ഷിപ്ത രൂപം.
ആഴ്സണലിന്റെ 3 സെൻട്രൽ മിഡ്ഫീൽഡർമാരിൽ 2 പേരും ഓഫ് ദി ബോൾ റൺ ഗെയിംപ്ലേയിൽ മിടുക്കർ ആണെന്നിരിക്കെ പന്തുമായി ടൈറ്റ് സ്പേസുകളിൽ ഷോർട്ട് പാസ്സുകളുമായോ ഡ്രിബിളുകളുമായോ സ്പേസ് സൃഷ്ടിക്കുന്നതിൽ തീർത്തും പരാജയപ്പെട്ടു കൊണ്ടിരുന്നു. അത് കൊണ്ട് ബോക്സിലേക്ക് പന്ത് എത്തിക്കണമെങ്കിൽ വിങ്ങുകളിലൂടെയുള്ള മുന്നേറ്റം മാത്രം ആഴ്സണലിന്റെ ഏക ആശ്രയം. അതിൽ തന്നെ ലെഫ്റ്റ് വിങ്ങിൽ ട്രോസ്സാർഡിനെ സിറ്റിയുടെ അബ്ദുക്കോദിർ ഖുസാനോവ് നല്ല രീതിയിൽ പ്രതിരോധിച്ചു.
2-ആം പകുതിയിൽ മെറിനോയ്ക്കും മധുേവെക്കെക്കും പകരം ആഴ്സണൽ എസെയെയും സാകയെയും കളത്തിൽ ഇറക്കി. ഇവരുടെ കടന്നുവരവ് ആദ്യ മിനിറ്റ് മുതൽ തന്നെ ആഴ്സണൽ ആക്രമണങ്ങൾക്ക് പുതുജീവൻ നൽകി. ഒരു നമ്പർ 10 ഏതൊക്കെ പൊസിഷനുകളിൽ ബോൾ റിസീവ് ചെയ്യണം എന്നും, ബോൾ റിസീവ് ചെയ്യുന്ന ബോഡി ആംഗിളിലൂടെയും ഫസ്റ്റ് ടച്ചിന്റെ ഡയറക്ഷനിലൂടെയും എങ്ങനെ അർത്ഥവത്തായ അറ്റാക്കുകൾ സൃഷ്ടിക്കാൻ ഉള്ള സ്പേസ് കണ്ടെത്താം എന്നും കാണിച്ചു തരാൻ എസെയ്ക്ക് അധികം സമയം ഒന്നും വേണ്ടി വന്നില്ല. വലത് വിങ്ങിൽ എസെയുടെയും സാകയുടെയും കോമ്പിനേഷൻ പ്ലേയും കൂടെ ടിംബറിന്റെ ഓവർലാപ്പിങ് റണ്ണും കൂടി ആയപ്പോൾ ആഴ്സണലിന്റെ ആക്രമണങ്ങൾക്ക് മൂർച്ച വർദ്ധിച്ചു.
2-ആം പകുതിയിലെ മറ്റൊരു ടാക്റ്റിക്കൽ അഡ്ജസ്റ്റ്മെന്റ് എന്തെന്നാൽ ഡിഫൻസീവ് മിഡ്ഫീൽഡറായ മാർട്ടിൻ സുബിമെൻഡി കുറച്ചുകൂടി മുന്നിലേക്ക് ഇറങ്ങി എതിർ ബോക്സിനു സമീപത്തായുള്ള പൊസിഷനുകൾ സ്വീകരിക്കാൻ തുടങ്ങിയതാണ്. 2-ആം പകുതിയിലെ ആദ്യ സുവർണ്ണാവസരം ലഭിച്ചതും സുബിമെൻഡിക്ക് തന്നെ. സാകയുടെ ക്രോസ്സ് ക്ലിയർ ചെയ്തതിനു ശേഷം ബോക്സിനു തൊട്ടു പുറത്തായി തന്റെ നേരെ വന്ന പന്തിനെ സുബിമെൻഡി ഫസ്റ്റ് ടൈം ഷൂട്ട് ചെയ്തെങ്കിലും അത് ക്രോസ്ബാറിനു വളരെ അടുത്ത് കൂടി മൂളിപ്പറന്നു പോയി. എമിറേറ്റ്സ് സ്റ്റേഡിയം ആ ഷോട്ട് ശരിക്കും ആസ്വദിച്ചു. സ്റ്റേഡിയം ഒന്നടങ്കം ആർപ്പുവളികളുമായി അവർ തങ്ങളുടെ കളിക്കാരെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു. ആരാധകരെ ആവേശത്തിലാക്കുന്ന ആഴ്സണൽ നീക്കങ്ങളായിരുന്നു പിന്നീടങ്ങോട്ട് എസെയും സാകയും കൂടി നെയ്തെടുത്തത്.
വലത് വിങ്ങിൽ എസെയിലൂടെ ആഴ്സണൽ ആക്രമണങ്ങളുടെ ചുക്കാൻ പിടിക്കുമ്പോൾ ഇടത് വിങ്ങിലെ അഡ്വാൻസ്ഡ് പൊസിഷനുകളിൽ ലെഫ്റ്റ് ബാക്കായ റിക്കാർഡോ കലാഫിയോറിയും നിറഞ്ഞു കളിച്ചു.
ഇതിനിടയിൽ വീണുകിട്ടിയ ഒരു അവസരത്തിൽ ഡോക്കുവിന്റെ ഒരു ഡയഗണൽ ത്രൂ ബോൾ ഓടിയെടുത്തുകൊണ്ട് ഹാളണ്ട് ബോക്സിലേക്ക് കുതിച്ചെങ്കിലും തന്റെ ഷോട്ട് ലക്ഷ്യത്തിൽ എത്തിക്കാൻ സാധിച്ചില്ല. 57-ആം മിനിറ്റിൽ സിറ്റിക്ക് കളിയിലെ ആദ്യ കോർണർ കിക്ക് ലഭിക്കുന്നു. ആഴ്സണൽ അപ്പോഴേക്കും 6 കോർണർ കിക്കുകൾ എടുക്കുകയും അവയെല്ലാം ഡൊണറുമ്മ തട്ടി അകറ്റുകയും ചെയ്തിരുന്നു. സിറ്റിയാകട്ടെ ഈ സമയം ആയപ്പോഴേക്കും ആഴ്സണൽ പെനാൽറ്റി ബോക്സിന്റെ ഉള്ളിൽ 5 തവണയാണ് പന്ത് എത്തിച്ചത്. ആഴ്സണലാകട്ടെ സിറ്റി ബോക്സിൽ 30 തവണ പന്ത് എത്തിച്ചിരുന്നു. ഇതിൽ നിന്ന് തന്നെ ഗോൾ വഴങ്ങിയതിനു ശേഷം കളിയിൽ ആഴ്സണൽ എത്ര മേധാവിത്വം പുലർത്തിയിരുന്നു എന്ന് മനസ്സിലാകും.
സിറ്റി പിന്നീട് ഹാളണ്ടിനെയും ഫോഡനെയും പിൻവലിച്ചുകൊണ്ട് മാത്യൂസ് നൂനെസിനെയും നഥാൻ ആക്കെയും കളത്തിൽ ഇറക്കി. ആഴ്സണൽ ട്രോസ്സാർഡിനെ പിൻവലിച്ചുകൊണ്ട് മാർട്ടിനെല്ലിയെ കളത്തിൽ ഇറക്കി. ഈ മാറ്റങ്ങൾക്കു ശേഷം സിറ്റി 5-4-1 എന്ന പൂർണ്ണമായ പ്രതിരോധ വിന്യാസത്തിലേക്ക് ചുവടുമാറ്റി. ഈ ഒരു ലോ ബ്ലോക്കിന് എതിരേ പഴുതുകൾ കണ്ടെത്തുന്നത് ആഴ്സണലിന് അസാധ്യമാകും എന്ന് ആ സമയം ഭൂരിപക്ഷം ആഴ്സണൽ ആരാധകർക്കും തോന്നിക്കാണണം. തങ്ങളുടെ തനതായ കളി പുറത്തെടുക്കാൻ സാധിച്ചില്ലെങ്കിലും എമിറേറ്റ്സിലെ ഒരു 1-0 വിജയം ഇപ്പോളത്തെ അവസ്ഥയിൽ സിറ്റി ആരാധകരെ സംബന്ധിച്ചിടത്തോളം വളരെ വിലപ്പെട്ട 3 പോയിന്റുകളുമാണ്.
കളി 90 മിനിറ്റും പിന്നിട്ട് ഇഞ്ചുറി ടൈമിലേക്ക് കടന്നു, 4th ഒഫീഷ്യലിന്റെ ബോർഡിൽ 7 എന്ന അക്കം തെളിഞ്ഞു. ആഴ്സണലിന് ഈ കളിയിൽ നിന്നും എന്തെങ്കിലും നേടി എടുക്കാൻ 7 മിനിറ്റുകൾ കൂടി ബാക്കി. ഡിഫൻസീവ് ലൈനിലും മിഡ്ഫീൽഡ് ലൈനിലും 5 പേരുമായി നെടുംകോട്ട കെട്ടിയ സിറ്റി പ്രതിരോധത്തെ പിളർന്നത് ഒരു സ്ട്രൈക്കർ-പ്ലേമേക്കർ കോമ്പിനേഷനാണ്. സിറ്റി സെന്റർ ബാക്കുകളായ ഗ്വാർഡിയോളിനും ജോൺ സ്റ്റോൺസിനും ഇടയിലായി തന്റെ പൊസിഷനായ ലെഫ്റ്റ് വിങ് ഉപേക്ഷിച്ച് സെന്ററിലായി പൊസിഷൻ ചെയ്ത മാർട്ടിനെല്ലിയാണ് സിറ്റിക്ക് വിജയം നിഷേധിച്ച ഗോൾ നേടിയത്.
സ്വന്തം പകുതിയിൽ സെന്റർ സർക്കിളിനടുത്ത് ആയി ബോൾ ലഭിക്കുമ്പോൾ എസെയെ പ്രെസ്സ് ചെയ്യാൻ സിറ്റി കളിക്കാർ ആരും തന്നെ ഉണ്ടായിരുന്നില്ല. ഒരു സെന്റർ ഫോർവേഡിനെ പോലെ 2 ഡിഫൻഡേഴ്സിന്റെ ഇടയിലുള്ള മാർട്ടിനെല്ലിയുടെ റൺ മാച്ച് ചെയ്തുകൊണ്ട് സിറ്റി ഡിഫൻസിനു മുകളിലൂടെ എസെയുടെ ഒരു ലോബ് പാസ്സ്. മാർട്ടിനെല്ലിക്ക് ഗോൾ അവസരം നിഷേധിക്കാൻ ഗോൾ ലൈൻ വിട്ട് മുന്നിലേക്ക് ഓടിയടുത്ത ഡൊണറുമ്മയുടെ തലയ്ക്കു മുകളിലൂടെ മാർട്ടിനെല്ലിയുടെ ഒരു ഔട്ട്സൈഡ് ദി ബൂട്ട് ഫിനിഷ്. തുടർച്ചയായി 2-ആമത്തെ കളിയിലും പകരക്കാരനായി വന്നു ഗോൾ നേടിക്കൊണ്ട് മാർട്ടിനെല്ലി തന്റെ പ്രാധാന്യം വീണ്ടും തെളിയിച്ചിരിക്കുന്നു.
കളി അവസാനിക്കുമ്പോൾ സിറ്റിയുടെ ബോൾ പൊസെഷൻ വെറും 32.8% മാത്രമായിരുന്നു. പെപ് ഗ്വാർഡിയോളയുടെ കീഴിൽ സിറ്റിയുടെ ഏറ്റവും കുറഞ്ഞ പൊസെഷൻ ഫിഗേഴ്സാണ് ഇത്. പ്രീമിയർ ലീഗ് കിരീടപ്പോരാട്ടത്തിലെ പ്രധാനികളായ ഈ 2 ടീമുകളുടെയും മാനേജർമാർക്കും ആരാധകർക്കും ഒരുപാട് ചോദ്യങ്ങൾ അവശേഷിപ്പിച്ചുകൊണ്ടാണ് കളി അവസാനിച്ചത്.
ഹോം ഗെയിമുകളിൽ പോലും ഒരു നാച്ചുറൽ No. 10 നെ ഇറക്കാതെ കൺസർവേറ്റീവ് ഗെയിം പ്ലാനുമായി കളി ആരംഭിക്കുന്ന ടാക്റ്റിക്സ് മതിയാകുമോ ആഴ്സണലിന് ഒരു പ്രീമിയർ ലീഗ് കിരീടം നേടിക്കൊടുക്കാൻ?
എവേ മാച്ചുകളിൽ ഒരു ഗോളിന്റെ ലീഡ് നേടിയാൽ പിന്നെ കളിയിലുടനീളം പൂർണ്ണമായി പ്രതിരോധത്തിലേക്ക് വലിഞ്ഞു കളിക്കുന്നത് ശാശ്വതമായ വിജയങ്ങൾ സമ്മാനിച്ചു ഗ്വാർഡിയോളയ്ക്ക് 7-ആമത്തെ പ്രീമിയർ ലീഗ് കിരീടത്തിലേക്ക് വഴി തെളിക്കുമോ?