ആഴ്സണൽ vs ടോട്ടൻഹാം മാച്ച് റിവ്യൂ
- 363 Views
- നോർത്ത് ലണ്ടൻ ഫോറെവർ
- November 24, 2025
- Tactics & Match Analysis
പലപ്പോഴും സത്യമാണെന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ടുള്ള രീതിയിലുള്ള സന്ദർഭങ്ങളും സാഹചര്യങ്ങളും സൃഷ്ടിക്കുന്നത് ഫുട്ബോളിന്റെ അനിർവചനീയമായ സൗന്ദര്യാനുഭവങ്ങളിൽ ഒന്നാണ്.
അതുപോലൊരു സ്വപ്നഗാഥയാണ് ഇന്നലെ എമിറേറ്റ്സ് സ്റ്റേഡിയത്തിലെ നോർത്ത് ലണ്ടൻ ഡെർബിയിൽ രചിക്കപ്പെട്ടത്. അതിലെ അനശ്വര നായകൻ ആകട്ടെ ആഴ്സണൽ അക്കാദമിയിലൂടെ ഫുട്ബോൾ കരിയറിന് തുടക്കം കുറിച്ച ഈബെറേച്ചി എസെയും.
4-1 എന്ന തികച്ചും ആധികാരികമായ സ്കോറിന് ടോട്ടനം ഹോട്ട്സ്പറിനെ ആഴ്സണൽ തകർത്തെറിഞ്ഞപ്പോൾ അതിൽ ഒരു മിന്നുന്ന ഹാട്രിക്ക്മായി വിജയശില്പി ആയത് എസെ ആണ്.
14-ആം വയസ്സിൽ ആഴ്സണൽ അക്കാദമിയിൽ നിന്നും ആദ്യത്തെ റിജക്ഷൻ നേരിടുക. പിന്നീടങ്ങോട്ട് റിജക്ഷനുകളുടെ നീണ്ട നിര. ലോവർ ഡിവിഷൻ ക്ലബിൽ കളിച്ചുകൊണ്ട് കഴിവ് തെളിയിച്ചു മെല്ലെ വീണ്ടും ഇംഗ്ലീഷ് ഫുട്ബോളിന്റെ അമരത്തേക്ക് പടിപടിയായുള്ള ഉയർച്ച. ക്രിസ്റ്റൽ പാലസിന് എഫ്എ കപ്പ് നേടിക്കൊടുത്തുകൊണ്ട് ആ ക്ലബിന്റെ നൂറ്റാണ്ടിന്റെ തന്നെ ചരിത്രത്തിന്റെ ഭാഗമായിക്കൊണ്ടുള്ള പടിയിറക്കം. ട്രാൻസ്ഫർ വിൻഡോ അവസാനിക്കുന്നതിന്റെ ഏതാനും ദിവസങ്ങൾക്ക് മുന്നേ തന്റെ കുട്ടിക്കാലത്തെ ക്ലബ്ബ് ആയ ആഴ്സണലിന്റെ ബദ്ധവൈരികളായ ടോട്ടണമുമായി കരാർ ഒപ്പിടുന്നതിന്റെ തൊട്ടരികിൽ എത്തുക. ഒടുവിൽ അവസാന നിമിഷം ആഴ്സണലിന്റെ 2-ആമത്തെ വിളി എത്തുക, ആഴ്സണലിൽ ജോയിൻ ചെയ്യുക, ആഴ്സണലിന് വേണ്ടി തന്റെ ആദ്യത്തെ നോർത്ത് ലണ്ടൻ ഡെർബിയിൽ വൈരികളായ ടോട്ടണത്തിന് എതിരെ ഹാട്രിക്ക് നേടുക. ഒരു സിനിമാ കഥയെ അനുസ്മരിപ്പിക്കുന്ന സംഭവവികാസങ്ങൾ ഇതിനോടകം തന്നെ എസെയുടെ ജീവിതത്തിൽ നടന്നു കഴിഞ്ഞിരിക്കുന്നു. ഫുട്ബോളിന് മാത്രം സൃഷ്ടിക്കാൻ പറ്റുന്ന അത്യന്തം നാടകീയമായ അനർഘ നിമിഷങ്ങൾ.
പ്രീമിയർലീഗ് തുടങ്ങിയതിനുശേഷം ആദ്യമായാണ് നോർത്ത് ലണ്ടൻ ഡെർബിയിൽ ഒരു ഹാട്രിക്ക് പിറക്കുന്നത് എന്നതും ഈയൊരു നേട്ടത്തിന് ചാരുതയേകുന്നു. 47 വർഷങ്ങൾക്ക് മുമ്പാണ് ഈയൊരു ഫിക്സ്ചറിൽ ഇതിനുമുമ്പ് ഒരു ഹാട്രിക്ക് പിറന്നിട്ടുള്ളത്.
സീസണിലെ ആദ്യ നോർത്ത് ലണ്ടൻ ഡെർബിക്ക് എമിറേറ്റ്സ് സ്റ്റേഡിയം ആതിഥേയത്വം വഹിച്ചപ്പോൾ പരിക്ക്കളാൽ വേട്ടയാടപ്പെട്ട ലൈനപ്പും ആയാണ് ഇരു ടീമുകളും കളത്തിൽ ഇറങ്ങിയത്. പക്ഷേ കളിയുടെ ആദ്യ മിനിറ്റ് മുതൽ തന്നെ സമ്പൂർണ്ണമായ ആധിപത്യമാണ് ആഴ്സണൽ കാഴ്ചവെച്ചത്. 5 ഡിഫൻഡർമാരുമായി കളത്തിലറങ്ങിയ സ്പർസിന്റെ ഉദ്ദേശം ഡിഫൻസിൽ പിഴവുകൾ വരുത്താതെ പിടിച്ചുനിന്നുകൊണ്ട് കൗണ്ടർ അറ്റാക്കുകളിലൂടെ ആഴ്സണലിന്റെ ഗോൾമുഖം പരീക്ഷിക്കുക എന്നതായിരുന്നു. ഈ ഗെയിംപ്ലാൻ പ്രവർത്തികമാക്കാൻ ആകട്ടെ അവർക്ക് സ്വന്തം പകുതിയിൽ നിന്നും പന്ത് പുറത്തെത്തിക്കാൻ തന്നെ നന്നേ കഷ്ടപ്പെടേണ്ടി വന്നു.
സീസണിൽ ഉടനീളം കാഴ്ചവെച്ച അത്യുജ്വലമായ ഔട്ട് ഓഫ് പൊസഷൻ പ്ലേയിലൂടെ ആഴ്സണൽ സ്പർസിനെ വെള്ളംകുടിപ്പിക്കുക മാത്രമല്ല നിരന്തരമായ ആക്രമണങ്ങൾ കൊണ്ട് സ്പർസ് ഗോൾമുഖം വിറപ്പിക്കുകയും ചെയ്തുകൊണ്ടിരുന്നു.
ആഴ്സണലിന് കളിയാലെ ബ്രേക്ക്ത്രൂ ലഭിക്കുന്നത് 36-ആം മിനിറ്റിലാണ്. സോളിഡ് ഡിഫൻസുകളുടെ പൂട്ട് പൊളിക്കാൻ കഷ്ടപ്പെടുന്ന ആഴ്സണലിന്റെ രക്ഷകനായി ഈ സീസണിൽ പലതവണ അവതരിച്ച ട്രോസ്സാർഡ് തന്നെയാണ് ഇത്തവണയും ഡെഡ്ലോക്ക് പൊളിച്ചത്. മിഡ്ഫീൽഡിൽ നിന്നും മിക്കൽ മെറിനോ നൽകിയ ഒരു മനോഹരമായ ത്രൂ പാസ് ആഴ്സണലിന്റെ മുൻതാരം ഫ്രെഡ്ഡി ല്യൂങ്ബെർഗിനെ ഓർമ്മിപ്പിക്കുന്ന രീതിയിലുള്ള ബോക്സിലേക്കുള്ള ഒരു ഡയഗണൽ റണ്ണിലൂടെ ഓടിയെടുത്ത ട്രോസാർഡ്, ഒരു ടച്ച് എടുത്ത് ഒരു ടേൺ നടത്തിക്കൊണ്ട് പോസ്റ്റിലേക്ക് ഒരു ലോ ഷോട്ട് പായിച്ചു. സ്പർസ് ഡിഫൻഡറിന്റെ കാലുകളിൽ തട്ടി ഡിഫ്ലക്ട് ചെയ്തുകൊണ്ട് പന്ത് വലയിലേക്ക്.
പിന്നീടങ്ങോട്ട് എമിറേറ്റ്സ് സ്റ്റേഡിയം സാക്ഷിയായത് ഈബെറേച്ചി എസെയുടെ ഷൂട്ടിങ് മാസ്റ്റർക്ലാസ്നാണ്. 41-ആം മിനിറ്റിൽ ഡെക്ലാൻ റൈസിന്റെ ഒരു ഫസ്റ്റ് ടൈം പാസ് ബോക്സിന്റെ എഡ്ജിൽ സ്വീകരിച്ച എസെ തനിക്ക് നേരെ പാഞ്ഞടുത്ത സ്പർസ് ഡിഫൻഡർമാരെ മനോഹരമായി വെട്ടിയൊഴിഞ്ഞുകൊണ്ട് സ്പർസ് സെന്റർബാക്കുകളുടെ കാലുകൾക്കിടയിലൂടെ തൊടുത്ത ഷോട്ട്, സ്പർസ് ഗോളി വിക്കാരിയ്യോയുടെ വിരൽത്തുമ്പിൽ ഉരസിക്കൊണ്ട് വലയിലേക്ക്. സ്കോർ ബോർഡിലെയും കളിക്കളത്തിലെയും വ്യക്തമായ മേധാവിത്വവുമായി ഹാഫ് ടൈം ബ്രേക്കിന് പിരിഞ്ഞ ആഴ്സണലിന് എതിരെ ടോട്ടണമിന് ഒരു ഷോട്ട് പോലും പായിക്കാൻ സാധിച്ചിരുന്നില്ല.
2-ആം പകുതി തുടങ്ങിയതും ആഴ്സണൽ സ്പർസിന്റെ ഹാഫിൽ ക്യാമ്പ് ചെയ്തുകൊണ്ട് തന്നെ. ഹൈ പ്രസ്സിങ്ങിലൂടെ നേടിയെടുത്ത പന്തുമായി ബോക്സ് ലക്ഷ്യമാക്കി കുതിച്ച ടിംബർ ബോക്സിനു പുറത്ത് ഫ്രീയായി നിൽക്കുന്ന എസെയ്ക്ക് ഒരു സ്ക്വയർ പാസ് നൽകി. തന്റെ ഇടത്തെ കാൽകൊണ്ട് ഷൂട്ട് ചെയ്യാൻ പാകത്തിനായി പന്തിൻമേൽ ഒരു ടച്ച് എടുത്തുകൊണ്ട് എസെയുടെ ഒരു കിടിലൻ ഇടങ്കാലൻ സ്ട്രൈക്ക്. ഫുൾ ലെങ്ത് ഡൈവ് ചെയ്ത ഗോളിക്ക് യാതൊരു അവസരവും നൽകാതെ പന്ത് വലയിലേക്ക്. തന്റെ ഗോളുകളിൽ ഏറ്റവും ഇഷ്ടപ്പെട്ടതായി കളിക്കുശേഷം എസെ തിരഞ്ഞെടുത്തതും ഈ ഗോൾ തന്നെ. ആ ഷോട്ടിലെ പെർഫെക്റ്റ് ടൈമിങ്ങും പിന്നെ തന്റെ വീക്ക് ഫൂട്ട് കൊണ്ട് തൊടുത്ത ആ ക്ലീൻ സ്ട്രൈക്കും ആയിരിക്കാം എസെയ്ക്ക് ആ ഗോൾ പ്രിയപ്പെട്ടതായി മാറാൻ കാരണം.
എതിരില്ലാത്ത 3 ഗോളുകളുമായി കളിയെ പൂർണ്ണമായി വരുതിയിലാക്കിയ ആഴ്സണലിന് ചെറിയൊരു പ്രഹരം ഏൽപ്പിക്കാൻ സ്പർസിന് സാധിച്ചത് 55-ആം മിനിറ്റിലാണ്. സ്വന്തം ഹാഫിൽ പന്തുമായി നീങ്ങിക്കൊണ്ടിരുന്ന സുബിമെന്ദിയിൽ നിന്നും ഒരു ക്ലീൻ ടാക്കിളിലൂടെ പന്ത് നേടിയെടുത്ത പോളിഞ്ഞ നൽകിയ പാസ് സ്വീകരിച്ചുകൊണ്ട് റിച്ചാർലിസൺന്റെ ഒരു ലോങ് റേഞ്ചർ ഷോട്ട്. വളരെയധികം മുന്നോട്ടേക്ക് കയറി നിന്ന ഡേവിഡ് റായ സർവ്വശക്തിയും സംഭരിച്ച് പിന്തിരിഞ്ഞോടി എങ്കിലും പോസ്റ്റിനുള്ളിലേക്ക് ഊർന്നിറങ്ങിയ പന്തിനെ തടയാൻ ആയില്ല. കളിയുടെ ഗതിക്കെതിരായി സ്പർസ് ആഴ്സണൽ ഗോൾമുഖത്തേക്ക് ആദ്യത്തെ ഷോട്ട് പായിച്ചിരിക്കുന്നു അതും ഗോളും ആയിരിക്കുന്നു.
ഒരു ഗോൾ നേടിയതിനുശേഷം അല്പം ഉണർന്നു കളിച്ച സ്പർസ് അറ്റാക്കുകൾക്ക് മൂർച്ച കൂട്ടാനായി തോമസ് ഫ്രാങ്ക്, ഷാവി സിമ്മൺസിനെയും കോളോ മുആനിയെയും കളത്തിൽ ഇറക്കി എങ്കിലും അവർക്കൊന്നും ആഴ്സണലിന് എതിരെ കാര്യമായ ആക്രമണ നീക്കങ്ങൾ മെനഞ്ഞെടുക്കാൻ സാധിച്ചില്ല.
76-ആം മിനിറ്റിലാണ് എസെ തന്റെ കരിയറിലെ ആദ്യ ഹാട്രിക്ക് പൂർത്തിയാക്കുന്നത്. ബോക്സിന്റെ ഇടത് ഭാഗത്തുനിന്നും ട്രോസ്സാർഡിൽ നിന്നും സ്വീകരിച്ച പന്തിനെ വലത് കാൽകൊണ്ട് ഒരു പവർഫുൾ ഷോട്ടിലൂടെ എസെ പോസ്റ്റിലേക്ക് ഭംഗിയായി തൊടുത്തുവിട്ടു. എമിറേറ്റ്സ് സ്റ്റേഡിയം ഇളകിമറിഞ്ഞു. അവിടെ കൂടിയിരിക്കുന്ന 60-ആയിരത്തോളം വരുന്ന കാണികളിൽ ഓരോരുത്തരുടെയും സ്വപ്നം ആഴ്സണൽ ഫാൻ കൂടിയായ എസെ സാക്ഷാത്കരിച്ചിരിക്കുന്നു. ടോട്ടനം ഹോട്ട്സ്പറിന് എതിരെ ഹോം ഗ്രൗണ്ടിൽ സ്വർണ്ണത്തിളക്കമുള്ള ഒരു ഹാട്രിക്ക്.
പ്രീമിയർലീഗ് ചരിത്രത്തിൽ ആദ്യമായി തുടർച്ചയായി 4 നോർത്ത് ലണ്ടൻ ഡെർബികൾ ജയിച്ചുകൊണ്ട് മിക്കൽ ആർട്ടെറ്റയുടെ ആഴ്സണൽ ടേബിളിൽ ഒന്നാം സ്ഥാനത്തെ ലീഡ് 6 പോയിന്റുകളായി ഉയർത്തിയിരിക്കുന്നു.
തിളക്കമാർന്ന ഈയൊരു അറ്റാക്കിങ് പെർഫോമൻസ് ആഴ്സണൽ നടത്തിയത് മുൻനിരയിലെ വമ്പന്മാരായ ഹാവെർട്സ്, ഓഡെഗാർഡ്, ഗ്യോകരെസ്, ജീസസ് എന്നിവരുടെ അഭാവത്തിൽ ആണെന്നുള്ളത് ശ്രദ്ധേയമാണ്.
അടുത്ത 2 മത്സരങ്ങളിലായി ബയേൺ മ്യൂണിക്കിനെയും ചെൽസിയെയും നേരിടാൻ ഒരുങ്ങുന്ന ഗണ്ണേഴ്സിന് ഈ ഡെർബി വിജയം നൽകുന്ന ആത്മവിശ്വാസം ചെറുതാകില്ല. പ്രീമിയർലീഗിൽ നിലവിൽ ഏറ്റവും നല്ല സ്ക്വാഡ് ഡെപ്ത് ഉള്ള ടീം ആഴ്സണൽ ആണെന്ന് നിസ്സംശയം പറയാം. ആ സ്ക്വാഡ് ഡെപ്ത് സൃഷ്ടിച്ചെടുത്തതിന്റെ ഗുണങ്ങളാണ് ഇത്രയും പ്രമുഖരുടെ അഭാവത്തിലും ആഴ്സണലിന് സ്ഥിരതയുള്ള പ്രകടനങ്ങൾ പുറത്തെടുത്തുകൊണ്ട് പോയിന്റ്സ് നഷ്ടപ്പെടാതെയുള്ള യാത്ര തുടരാൻ സാധിക്കുന്നത്. കിരീട പോരാട്ടത്തിലെ തങ്ങളുടെ മുഖ്യ എതിരാളികളെല്ലാം തന്നെ ചുവടുറപ്പിക്കാൻ പാടു പെടുന്ന ഈ അവസരത്തിൽ ആഴ്സണലിന് മുൻ വർഷങ്ങളെ അപേക്ഷിച്ച് നോക്കുമ്പോൾ കിരീടത്തിലേക്കുള്ള ദൂരം താരതമ്യേന കുറവെന്നു തന്നെ അനുമാനിക്കാം.